‘മന്ത്രവാദിയുടെ ശാപമല്ല, ഇവിടെ മെസ്സിയുടെ മാന്ത്രികതയാണ്’! അർജന്റീനയെ ശപിച്ച ഘാനയിലെ ദുർമന്ത്രവാദിയെ എയറിലാക്കി സോഷ്യൽ മീഡിയ
മയാമി: അർജന്റീന-കേപ് വെർദെ പോരാട്ടത്തിന് മുന്നോടിയായി ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരുന്നു ഘാനയിലെ ദുർമന്ത്രവാദിയായ നാനാ ക്വാകു ബോൺസാമിന്റെ പ്രവചനം. അർജന്റീനയെ താൻ ശപിച്ചിട്ടുണ്ടെന്നും ഈ മത്സരത്തിൽ അവർ തോറ്റ് പുറത്താകുമെന്നുമായിരുന്നു ബോൺസാമിന്റെ അവകാശവാദം. എന്നാൽ മയാമിയിലെ മൈതാനത്ത് മെസ്സിയുടെ ഇടങ്കാൽ മാന്ത്രികതയ്ക്ക് മുന്നിൽ മന്ത്രവാദിയുടെ ശാപവാക്കുകൾ അക്ഷരാർത്ഥത്തിൽ കാറ്റിൽപ്പറന്നു. കേപ് വെർദെയെ വീഴ്ത്തി അർജന്റീന പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ ഈ ദുർമന്ത്രവാദിയെ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ട്രോളുകയാണ് ഫുട്ബോൾ ആരാധകർ. ലോകകപ്പ് വേദിയിലെ മെസ്സി മായാജാലത്തിന് മുന്നിൽ പ്രവചനങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിജയമെന്ന് ആരാധകർ കുറിക്കുന്നു.
റൗണ്ട് ഓഫ് 32 മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ കേപ് വെർദെ അട്ടിമറിക്കുമെന്നായിരുന്നു പ്രവചനം. മെസ്സിയുടെയും സംഘത്തിന്റെയും കുതിപ്പ് ഈ മത്സരത്തോടെ അവസാനിക്കുമെന്നും, ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് ഉയർത്തുമെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. ഇതോടെ മയാമിയിൽ മെസ്സി ജയിക്കുമോ അതോ മന്ത്രവാദി ജയിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു സോഷ്യൽ മീഡിയയിലെ ഫുട്ബോൾ ഗ്രൂപ്പുകൾ.
മന്ത്രവാദിയുടെ പ്രവചനങ്ങൾ ശരിയായേക്കാമെന്ന് തോന്നിക്കും വിധമായിരുന്നു കേപ് വെർദെ കളിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത് 3-2 എന്ന സ്കോറിന് അർജൻ്റീനക്ക് വലിയ വെല്ലുവിളി ഉയർത്തിയാണ് അവർ പരാജയപ്പെട്ടത്. എങ്കിലും ദുർമന്ത്രവാദിയുടെ മാന്ത്രികതയ്ക്ക് വീര്യം പോരാ എന്നാണ് അർജൻ്റീന ആരാധകർ വിലയിരിത്തുന്നത്.
മുൻപും ഇത്തരം വിചിത്രമായ അവകാശവാദങ്ങളിലൂടെ വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് നാനാ ക്വാകു ബോൺസാം. നേരത്തെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നെ ശപിച്ചെന്ന ഇയാളുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. അന്ന് ഘാനയ്ക്കെതിരായ മത്സരത്തിൽ കെയ്ൻ ഗോളടിക്കാതിരുന്നതിന് പിന്നിൽ ഈ ശാപമാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായി. പിന്നീട് കെയ്‌നിന്റെ ശാപം പിൻവലിച്ചതായി മന്ത്രവാദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പാനമയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലീഷ് നായകൻ ഗോളടിച്ചതും ഫുട്ബോൾ ലോകം കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഈയൊരു ചരിത്രമുള്ളതുകൊണ്ടാണ് അർജന്റീനയുടെ മത്സരത്തിന് മുൻപും ഇയാളുടെ വാക്കുകൾക്ക് വാർത്താപ്രാധാന്യം ലഭിച്ചത്.
എന്നാൽ ഇത്തരം പ്രവചനങ്ങൾക്കൊന്നും മെസ്സിയെ തളയ്ക്കാനാകില്ലെന്ന് മയാമിയിലെ പുൽമൈതാനം സാക്ഷ്യപ്പെടുത്തി. മത്സരത്തിന്റെ 29-ാം മിനിറ്റിൽ തന്നെ ലിസാൻഡ്രോ മാർട്ടിനെസിന്റെ പാസ് സ്വീകരിച്ച് കേപ് വെർദെയുടെ ഗോൾവല കുലുക്കി മെസ്സി അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ കേപ് വെർദെയെ 3-2 ന് തകർത്താണ് അർജന്റീന പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. നിലവിൽ ടൂർണമെന്റിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് വേട്ടയിലും ഒന്നാമതുള്ള മെസ്സിക്കും സംഘത്തിനും ചൊവ്വാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ മുഹമ്മദ് സലാഹിന്റെ ഈജിപ്താണ് എതിരാളികൾ.