05/09/2026
[fontresizer_tawhidurrahmandear_widget]

വരുന്നു, രാമനാട്ടുകര-കോഴിക്കോട് എയർപോർട്ട് എലിവേറ്റഡ് ഹൈവേ; കേരളത്തിൽ 2039 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികൾക്ക് അംഗീകാരം; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ.ബഷീർ

 വരുന്നു, രാമനാട്ടുകര-കോഴിക്കോട് എയർപോർട്ട് എലിവേറ്റഡ് ഹൈവേ; കേരളത്തിൽ 2039 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികൾക്ക് അംഗീകാരം; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ.ബഷീർ

ന്യൂഡൽഹി: സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് വൻ കുതിപ്പേകി കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. കേരളത്തിൽ ഉടൻ നടപ്പിലാക്കാൻ പോകുന്ന അഞ്ച് സുപ്രധാന ദേശീയപാതാ പദ്ധതികൾക്കായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ന്യൂഡൽഹിയിൽ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഈ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്.

രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. കൊല്ലം-തേനി പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ-ആഞ്ഞിലിമൂട് വരെയുള്ള നാലുവരിപ്പാതാ വികസനത്തിനായി 1663 കോടി രൂപയുടെ കേന്ദ്ര അനുമതിക്ക് ഈ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലുള്ള കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിക്കാനും തീരുമാനമായി. ഇതിനായി കോഴിക്കോട്-പാലക്കാട് ദേശീയപാതയ്ക്ക് 172 കോടി രൂപ അനുവദിച്ചു. തമിഴ്‌നാട്ടിലെ തിരുമംഗലത്തെയും കൊല്ലത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 744-ന് 98.40 കോടി രൂപയും, തിരുവനന്തപുരം-കഴക്കൂട്ടം പാതയ്ക്ക് 66 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്. കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനായി 40 കോടി രൂപയും കേന്ദ്രം വകയിരുത്തി.

ഇതിനുപുറമെ ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ പുതിയ റോപ്‌വേകൾ നിർമ്മിക്കാൻ തത്വത്തിൽ അംഗീകാരം ലഭിച്ചതായും ശബരിമല പദ്ധതിയുടെ വിശദമായ പദ്ധതിരേഖ ഉടൻ തന്നെ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് രാമനാട്ടുകര മുതൽ കരിപ്പൂർ വിമാനത്താവളം വരെ പുതിയ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അടിമാലി-കുമളി ദേശീയപാതയുടെ വീതികൂട്ടുന്നതിനുള്ള അനുമതി ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൊടുങ്ങല്ലൂർ-അങ്കമാലി ബൈപ്പാസിന്റെ അലൈൻമെന്റ് വേഗത്തിൽ ലഭ്യമാക്കാനും കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകളുടെ പുതുക്കിയ അലൈൻമെന്റിന് മൂന്നുമാസത്തിനകം അംഗീകാരം നൽകാനും തീരുമാനമായി. വെല്ലിങ്‌ടൺ ഐലൻഡ്-കുണ്ടന്നൂർ ബൈപാസിനെ അരൂർ-അങ്കമാലി ബൈപാസ്സുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് പുറമെ, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്‌ദുള്ള, അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ്, ചീഫ് എഞ്ചിനീയർ ഐസക് വർഗീസ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയുമായുള്ള ഈ സുപ്രധാന ചർച്ചയിൽ പങ്കെടുത്തു.

Also read: