‘കാൽ എടുക്കുന്നതിനു മുൻപ് ഡോർ അടയ്ക്കുന്നോ?’ രൂക്ഷമായ നോട്ടം; മാധ്യമങ്ങളോട് കയർത്ത് പിണറായി വിജയൻ
ന്യൂഡൽഹി: ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് വീണ്ടും ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാറിൽ കയറുന്നതിനിടെ കാൽ പൂർണ്ണമായും ഉള്ളിലേക്ക് വെക്കുന്നതിന് മുൻപ് ഡോർ അടയ്ക്കാൻ ശ്രമിച്ചതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. ‘കാൽ എടുക്കുന്നതിനു മുൻപ് ഡോർ അടയ്ക്കുന്നോ? നിങ്ങൾക്ക് ന്യൂസ് വേണം എന്നുവച്ചിട്ട് വാതിലടയ്ക്കണ്ടേ’ എന്ന് അദ്ദേഹം രൂക്ഷമായ ഭാഷയിൽ ചോദിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി കേരള ഹൗസിൽനിന്ന് സുർജിത് ഭവനിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം.
അതിനിടെ, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ വിഷയത്തിൽ സിപിഎം നേതാക്കൾക്കിടയിലെ ഭിന്നാഭിപ്രായങ്ങൾ തുടരുകയാണ്. നേതാക്കളുടെ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളിൽ പിണറായിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിഴിഞ്ഞം വിഷയം വലിയ വിവാദമാക്കേണ്ടതില്ലെന്ന ഇ.പി. ജയരാജന്റെ പ്രസ്താവനയെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പിന്തുണച്ചിരുന്നു. എന്നാൽ, വിവാദമാക്കേണ്ട എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നായിരുന്നു തോമസ് ഐസകിന്റെ നിലപാട്.
എന്നാൽ, വിഴിഞ്ഞം വിഷയത്തിൽ പാർട്ടിക്ക് ഒറ്റ അഭിപ്രായം മാത്രമേയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. 25 ശതമാനത്തിലധികം ഓഹരികൾ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങേണ്ടതുണ്ട്. ഇത് പാലിക്കാതെ സെബിയെ സമീപിച്ച നടപടിക്കെതിരെ ശക്തമായ തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ മറുപടി പറയാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.