05/09/2026
[fontresizer_tawhidurrahmandear_widget]

പാസ്‌പോർട്ടില്ലാതെ ഇന്ത്യയിൽ കഴിഞ്ഞത് 7 മാസം; അതിർത്തി കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരൻ പിടിയിൽ; യു.എസ് നേവിയിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ടെന്ന് വാദം

 പാസ്‌പോർട്ടില്ലാതെ ഇന്ത്യയിൽ കഴിഞ്ഞത് 7 മാസം; അതിർത്തി കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരൻ പിടിയിൽ; യു.എസ് നേവിയിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ടെന്ന് വാദം

മഹാരാജ്ഗഞ്ച്: യാത്രാരേഖകളോ പാസ്‌പോർട്ടോ ഇല്ലാതെ ഇന്ത്യാ-നേപ്പാൾ അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനെ സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി) അറസ്റ്റ് ചെയ്തു. കാലിഫോർണിയ സ്വദേശിയായ ജോർദാൻ ബ്രൗൺ (36) ആണ് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ പിടിയിലായത്. താൻ യു.എസ് നേവിയിലും സ്പെഷ്യൽ ഫോഴ്‌സിലും സേവനമനുഷ്ഠിച്ചിരുന്നതായി ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടു. ശനിയാഴ്ച സോനൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ മെയിഹ്വ മേഖലയിലുള്ള അതിർത്തിയിലെ 516-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന എസ്.എസ്.ബിയുടെ 22-ാം ബറ്റാലിയൻ സംഘമാണ് ഇയാളെ തടഞ്ഞുനിർത്തിയത്. പരിശോധനയിൽ യാത്രാരേഖകളോ തിരിച്ചറിയൽ കാർഡോ ഇല്ലാത്തതിനാൽ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി നൽകിയ മൊഴികൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. തായ്ലൻഡിൽ വിനോദയാത്രയ്ക്ക് പോയ സമയത്ത് തന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടുവെന്നാണ് പ്രതി പറയുന്നത്. തുടർന്ന് അവിടെനിന്ന് കടൽമാർഗം ശ്രീലങ്കയിലെത്തുകയും, അവിടെനിന്ന് 2025 നവംബർ രണ്ടിന് വീണ്ടും കടൽമാർഗം ഇന്ത്യയിൽ പ്രവേശിക്കുകയും ചെയ്തു എന്നാണ് മൊഴി. ഇന്ത്യയിലെത്തിയ ശേഷം കഴിഞ്ഞ ഏഴ് മാസത്തോളം ഇയാൾ ഗോവയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഗോവയിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഇയാൾ അവിടെനിന്നാണ് നേപ്പാൾ അതിർത്തിയിലേക്ക് യാത്ര തിരിച്ചതെന്ന് മഹാരാജ്ഗഞ്ച് അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് വ്യക്തമാക്കി.

ഇയാളുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും 31,460 രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ സോനൗലി പോലീസ് സ്റ്റേഷനിൽ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.എസ്.ബി അസിസ്റ്റൻ്റ് കമാൻഡൻ്റ് പ്രിയ യാദവ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Also read: