ദാറുൽ ഉലൂമിനടിയിൽ ശിവക്ഷേത്രം, ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യും; അവകാശവാദവുമായി ഹിന്ദു രക്ഷാ ദൾ
സഹറാൻപൂർ: ഉത്തർപ്രദേശിലെ സഹറാൻപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രശസ്ത ഇസ്ലാമിക മതപഠന കേന്ദ്രമായ ദാറുൽ ഉലൂം ദയൂബന്ദിന്റെ കെട്ടിടത്തിനടിയിൽ ശിവക്ഷേത്രമുണ്ടെന്ന പുതിയ അവകാശവാദവുമായി ഹിന്ദു രക്ഷാദൾ രംഗത്ത്. ഈ വിഷയത്തിൽ അടിയന്തരമായി ഔദ്യോഗിക അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ ലളിത് ശർമയുടെ നേതൃത്വത്തിൽ സഹറാൻപൂർ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകി. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
മതപാഠശാലയ്ക്കുള്ളിൽ മുൻപ് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നതിൻ്റെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് ലളിത് ശർമ അവകാശപ്പെടുന്നത്. എന്നാൽ, ഈ തെളിവുകൾ ഇപ്പോൾ പരസ്യപ്പെടുത്തില്ലെന്നും അത് കോടതിയിൽ മാത്രമേ ഹാജരാക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂടത്തിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യാനാണ് സംഘടനയുടെ തീരുമാനം. സമയബന്ധിതമായി അന്വേഷണം നടന്നില്ലെങ്കിൽ ഹരിദ്വാറിൽ നിന്ന് ഗംഗാജലം കൊണ്ടുവന്ന് ദാറുൽ ഉലൂം പരിസരത്ത് ‘ജലാഭിഷേകം’ നടത്തുമെന്നും ഹിന്ദു രക്ഷാദൾ മുന്നറിയിപ്പ് നൽകി. ഇതിനായി വെടിയുണ്ടകളെ നേരിടാൻ പോലും ശിവഭക്തർ തയ്യാറാണെന്നാണ് ലളിത് ശർമയുടെ പ്രഖ്യാപനം.
ഇതിന് പുറമെ, ദാറുൽ ഉലൂമുമായി ബന്ധപ്പെട്ട വസ്തുവകകൾ ‘ശത്രു സ്വത്തുമായി’ ബന്ധപ്പെട്ടതാണെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സംഘടന ഉന്നയിക്കുന്നുണ്ട്. സമാനമായ പരാതികൾ മുൻപും അധികൃതർക്ക് നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് വീണ്ടും നിവേദനം നൽകിയതെന്ന് ഹിന്ദു രക്ഷാദൾ അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ലഭിച്ച അതേ മുൻഗണന ഈ വിഷയത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ഈ വിവാദപരമായ അവകാശവാദങ്ങളോട് സഹറാൻപൂർ ജില്ലാ ഭരണകൂടമോ ദാറുൽ ഉലൂം ദയൂബന്ദ് അധികൃതരോ ഇതുവരെ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.