സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റു; വണ്ടിയോടിച്ച ഭർത്താവിന്റെ പേരിൽ കേസ് നൽകി ഭാര്യ
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ഭാര്യ ഭർത്താവിനെതിരെ പോലീസിൽ കേസ് നൽകി. വെങ്ങോല അറയ്ക്കപ്പടി സ്വദേശിയായ യൂസുഫിനെതിരെയാണ് ഭാര്യ സൈനബ കോടതിയെ സമീപിച്ച് ക്രിമിനൽ കേസ് നൽകിയിരിക്കുന്നത്. ഭർത്താവ് അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്.
കഴിഞ്ഞ ഏപ്രിൽ പതിനാറാം തീയതി രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഭർത്താവ് ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സൈനബ. ചീനിക്കുഴി റബർ പാർക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള ഹമ്പിൽ വാഹനം കയറിയപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സൈനബ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വീഴ്ചയിൽ ഇവരുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അപകടത്തിന് കാരണം ഭർത്താവിന്റെ അശ്രദ്ധയാണെന്ന് ചൂണ്ടിക്കാട്ടി സൈനബ കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ പരാതി നൽകുകയായിരുന്നു. ഈ പരാതി സ്വീകരിച്ച കോടതി, സംഭവത്തിൽ അന്വേഷണം നടത്താൻ കുന്നത്തുനാട് പോലീസിന് നിർദ്ദേശം നൽകി. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് യൂസുഫിനെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്.