മദ്യലഹരിയിൽ സുഹൃത്തുക്കളുടെ ‘പ്രാങ്ക്’; സ്വകാര്യഭാഗത്ത് പരിക്കേറ്റു; ഭേദമാവില്ലെന്ന് ഡോക്ടർ; വിവാഹത്തിന് നാല് മാസം മുമ്പേ യുവാവ് ജീവനൊടുക്കി
ബംഗളൂരു: പിറന്നാളാഘോഷത്തിനിടെ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കളുടെ ‘തമാശ’ അതിരുവിട്ടതിനെ തുടർന്ന് സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ യുവാവ് ജീവനൊടുക്കി. ബംഗളൂരുവിലെ ഒരു പബ്ബിൽ ജീവനക്കാരനായ ത്രിപുര സ്വദേശി തപൻ നാഥ് (28) ആണ് സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത്. പരിക്കേറ്റ സ്വകാര്യഭാഗം പൂർവ്വസ്ഥിതിയിലാക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചതിലെ കടുത്ത മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.
രണ്ട് മാസം മുൻപ് ഒരു സുഹൃത്തിൻ്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് തപന് നേരെ അതിക്രമമുണ്ടായത്. ആഘോഷത്തിനിടെ മദ്യലഹരിയിലായിരുന്ന ഒപ്പമുണ്ടായിരുന്നവർ തമാശയ്ക്കായി തപന്റെ സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്ക് പൂർണമായും ഭേദമാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം തപൻ വിദഗ്ധ ചികിത്സയ്ക്കായി ഡോക്‌ടറെ സമീപിച്ചിരുന്നു. എന്നാൽ, ഈ പ്രശ്നം ഇനി പരിഹരിക്കാനാവില്ലെന്നും ഒരിക്കലും പഴയനിലയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്നും ഡോക്‌ടർമാർ വ്യക്തമാക്കുകയായിരുന്നു. കേവലം നാല് മാസത്തിനുശേഷം തപൻ്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് ഡോക്ടർമാരുടെ ഈ പ്രതികരണം വന്നത്. ഇതാണ് യുവാവിനെ കടുത്ത നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം ഈജിപുരയിലുള്ള വീട്ടിനുള്ളിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് തപനെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. തുടർന്ന് സഹോദരൻ തപസ് നാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവേക് നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും സംഭവത്തിൽ സുഹൃത്തുക്കളുടെ പങ്കിനെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.