48 ലക്ഷം രൂപയുടെ പാലം, ഒറ്റത്തള്ളിൽ തകർന്നുവീണ് കൈവരി; ബിജെപി എംഎൽഎയ്ക്ക് മറുപടിയുണ്ടോ? വിഡിയോ വൈറൽ
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 48 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന്റെ കൈവരികൾ നേരിയ സ്പർശനത്തിൽ തന്നെ തകർന്നുവീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പ്രദേശവാസിയായ ദുർഗാദാസ് ലാംബ് എന്നയാൾ കാലുകൊണ്ട് ചെറുതായി തള്ളുമ്പോൾ തന്നെ നിർമ്മാണം പൂർത്തിയായ പാലത്തിന്റെ കൈവരികൾ ഇളകിവീഴുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. ഇതോടെ പാലം നിർമ്മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയും ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് ഉയരുന്നത്.
ബിജെപി എംഎൽഎയായ നമിത മുണ്ടാഡയുടെ നിയമസഭാ മണ്ഡലത്തിലാണ് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള ഈ പാലം സ്ഥിതി ചെയ്യുന്നത്. കൈകൊണ്ടോ കാലുകൊണ്ടോ ചെറിയൊരു സമ്മർദം ചെലുത്തിയാൽ പോലും തകർന്നുവീഴുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണമെന്നും, തീർത്തും ഗുണനിലവാരമില്ലാത്ത സാമഗ്രികളാണ് ഇതിനായി ഉപയോഗിച്ചതെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു. ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിൽ യാതൊരുവിധ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ.
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ബീഡ് ജില്ലാ കളക്‌ടർ നേരിട്ട് ഇടപെട്ട് പാലത്തിന്റെ നിർമ്മാണ ഗുണനിലവാരം പരിശോധിക്കണമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച കരാറുകാരനും മേൽനോട്ടം വഹിച്ച എൻജിനീയർമാർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പൊതുമരാമത്ത് പണികളിലെ വ്യാപക അഴിമതിയിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നതെങ്കിലും, ഗ്രാമവാസികൾ ഉന്നയിച്ച ഈ ഗുരുതര ആരോപണങ്ങളോട് ജില്ലാ ഭരണകൂടമോ ജനപ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.