‘റാമിനും റഹീമിനും രവീന്ദറിനും റോബിനും ഇനി തുല്യ അവകാശം’; ഏകീകൃത സിവിൽ കോഡ് കരട് ബില്ലിന് അംഗീകാരം നൽകി മധ്യപ്രദേശ് ബി.ജെ.പി സർക്കാർ
ജഗദീഷ്പൂർ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കരട് ബില്ലിന് അംഗീകാരം നൽകി. ഞായറാഴ്ച ജഗദീഷ്പൂരിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് ഏകകണ്ഠമായി അംഗീകാരം നൽകിയത്. ജൂലൈ 20-ന് ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ സർക്കാർ ഈ ബിൽ അവതരിപ്പിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനാപരമായ തുല്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ മൂല്യങ്ങളോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ യാതൊരുവിധ വിവേചനങ്ങളുമില്ലാതെ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാനാണ് ഈ പുതിയ നിയമം കൊണ്ടുവരുന്നത്. അത് റാം ആയാലും റഹീം ആയാലും രവീന്ദർ ആയാലും റോബിൻ ആയാലും എല്ലാവർക്കും തുല്യ അവകാശങ്ങൾ ലഭിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡിന് വലിയ ജനപിന്തുണയുണ്ടെന്നും സംസ്ഥാനത്തെ 93 ശതമാനത്തിലധികം ആളുകളും ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സർക്കാരിന്റെ കണക്കുകൾ പ്രകാരം 80 ശതമാനം മുസ്ലീം സ്ത്രീകളും 40 ശതമാനം മുസ്ലീം പുരുഷന്മാരും സംസ്ഥാനത്ത് ഏകീകൃത നിയമം വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഏപ്രിൽ 27-ന് രൂപീകരിച്ച ഏഴംഗ സമിതി ജനങ്ങളിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുകയും, യു.സി.സി നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തുകയും ചെയ്തിരുന്നു. ആകെ ലഭിച്ച 9.58 ലക്ഷം നിർദേശങ്ങളിൽ 93.54 ശതമാനം പേരും നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങൾ വഴിയും റാലികളിലൂടെയുമാണ് പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിച്ചത്. കൂടാതെ ജനങ്ങളിൽ നിന്ന് മൂന്നു കോടിയോളം എസ്.എം.എസ് സന്ദേശങ്ങളും സർക്കാരിന് ലഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.