21/07/2026
[fontresizer_tawhidurrahmandear_widget]

‘ലഭ്യമായ വിമാനങ്ങളിൽ ഉടൻ നാട്ടിലേക്ക് മടങ്ങുക, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കുക’; നിർദേശവുമായി ഇറാനിലെ ഇന്ത്യൻ എംബസി

 ‘ലഭ്യമായ വിമാനങ്ങളിൽ ഉടൻ നാട്ടിലേക്ക് മടങ്ങുക, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കുക’; നിർദേശവുമായി ഇറാനിലെ ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇറാനിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണിയുടെയും യുദ്ധസമാനമായ സാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ അവിടെയുള്ള ഇന്ത്യക്കാർ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി എത്രയും വേഗം രാജ്യം വിടണമെന്നും, പുതിയ യാത്രകൾ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നും എംബസി വ്യക്തമാക്കി.

അടുത്ത ദിവസങ്ങളിലായി ഇറാനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായിട്ടുണ്ടെന്നും അതിനാൽ ഇറാനിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ അത് നിർബന്ധമായും മാറ്റിവെക്കണമെന്നും എംബസി ആവശ്യപ്പെട്ടു. ഇറാനിൽ താൽക്കാലികമായി തുടരാൻ നിർബന്ധിതരായവർ കനത്ത ജാഗ്രത പാലിക്കണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി അനുസരിക്കാനും രാജ്യത്തെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനായി വാർത്തകൾ നിരന്തരം നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.

തെക്കൻ തീരപ്രദേശം പോലെ സൈനിക പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഇറാനിലെ ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യുഎസ് സൈന്യം ഇറാനിലെ പാലങ്ങൾ, കുടിവെള്ള പ്ലാൻ്റുകൾ, വൈദ്യുത നിലയങ്ങൾ എന്നിവ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സഖ്യരാജ്യങ്ങളെ ഇറാനും ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തിൽ പ്രാദേശിക തലത്തിൽ സംഘർഷവും സൈനിക നീക്കങ്ങളും രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി പുതിയ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗനിർദേശങ്ങൾക്കുമായി എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പതിവായി പരിശോധിക്കാനും അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ള പൗരന്മാർക്കായി എംബസി ഹെൽപ്പ് ലൈൻ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്.

Also read: