‘ഹലാൽ മാംസം മാത്രം വിൽക്കുന്നു, ജട്ക മാംസം നൽകുന്നില്ല’; ബംഗാളിൽ റസ്റ്റോറന്റിന് മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം,സംഘർഷാവസ്ഥ
കൊൽക്കത്ത: ഹലാൽ മാംസം മാത്രമാണ് വിൽക്കുന്നതെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ റസ്റ്റോറന്റിന് മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. ദേശീയപാത 12-ന് സമീപം ഭട്ജംഗ്ലയിലുള്ള ‘മദേഴ്സ് ഹട്ട്’ എന്ന റസ്റ്റോറന്റിലാണ് രണ്ട് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായത്.
ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള ചില പ്രവർത്തകർ റസ്റ്റോറന്റിലെത്തി ഇവിടെ വിളമ്പുന്ന മാംസത്തെക്കുറിച്ച് ജീവനക്കാരോട് ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മൃഗങ്ങളെ ഒറ്റവെട്ടിന് കൊലപ്പെടുത്തുന്ന ‘ജട്ക’ രീതിയിലുള്ള മാംസം ഇവിടെ ലഭ്യമാണോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ജീവനക്കാർ മറുപടി നൽകിയതോടെ വാക്കേറ്റമുണ്ടാവുകയായിരുന്നു.
റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തുന്ന ഹിന്ദുക്കളോട് ഹലാൽ മാംസമാണെന്ന വിവരം മറച്ചുവെച്ചാണ് ഭക്ഷണം വിളമ്പുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. ഇവിടെ നൽകുന്നത് ഹലാൽ മാംസമാണെന്ന കാര്യം മെനു കാർഡിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. മാംസം എവിടെനിന്നാണ് വാങ്ങുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ജീവനക്കാർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ജട്ക മാംസം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കാനുള്ള സൗകര്യം റസ്റ്റോറന്റിൽ ഒരുക്കണമെന്ന് ബി.ജെ.പി പ്രവർത്തകനായ ഉദയ് രാജ്നാഥ് ആവശ്യപ്പെട്ടു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൃഷ്ണനഗർ കോട്വാലി പോലീസ് ഇരുവിഭാഗവുമായി ചർച്ച നടത്തിയതിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്.
ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കഴിഞ്ഞ ജൂണിൽ കൊൽക്കത്തയിലെ ജാദവ്പൂരിൽ മാംസക്കച്ചവടക്കാരായ മുസ്ലീങ്ങളെ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവം വലിയ വിവാദമായിരുന്നു. കച്ചവടം നിർത്തുകയോ അല്ലെങ്കിൽ ഉടൻ തന്നെ സ്ഥലംമാറുകയോ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. തൃണമൂൽ കോൺഗ്രസിന്റെ കാലം കഴിഞ്ഞെന്നും, ഹലാൽ മാംസം വിൽക്കുന്നത് നിർത്തി എത്രയും വേഗം മല്ലിക്പൂർ പോലെയുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറാനും ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.