‘പട്ടിണി കിടക്കുന്നവൻ മകൻ്റെ കല്യാണത്തിന് ഷാരൂഖ് ഖാനെ ഡാൻസിന് വിളിക്കുന്നതുപോലെ’; ഇന്ത്യ – ബ്രസീൽ ഫുട്ബോൾ മത്സരത്തിനെതിരെ വിമർശനവുമായി ബൈച്ചുങ് ബൂട്ടിയ
കൊൽക്കത്ത: ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കൊൽക്കത്തയിൽ പ്രദർശന മത്സരത്തിനെത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ ബൈച്ചുങ് ബൂട്ടിയ. ഇന്ത്യയിലെ ഫുട്ബോൾ അടിസ്ഥാന സൗകര്യങ്ങൾ പാടെ തകർന്നു കിടക്കുന്ന ഈ സാഹചര്യത്തിൽ കോടികൾ ചെലവാക്കിയുള്ള ഇത്തരം മത്സരങ്ങൾ യാതൊരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കുടുംബത്തിൽ പട്ടിണി കിടക്കുമ്പോൾ മകൻ്റെ വിവാഹത്തിന് ഷാരൂഖ് ഖാനെ നൃത്തം ചെയ്യാൻ വിളിക്കുന്നതിന് തുല്യമായ ആർഭാടമാണിതെന്ന് ഫുട്ബോൾ ഫെഡറേഷൻ്റെ ഈ നീക്കത്തെ ബൂട്ടിയ പരിഹസിച്ചു.
ഫിഫ റാങ്കിംഗിൽ നിലവിൽ 138-ാം സ്ഥാനത്താണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ബ്രസീലിനെപ്പോലൊരു ലോകോത്തര ടീമിനെ നേരിടാനുള്ള കെൽപ്പ് ഇന്ത്യയ്ക്കുണ്ടോ എന്ന് യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കേണ്ടതുണ്ട്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഫിഫ ആസിയാൻ കപ്പിൽ ഇന്ത്യൻ ടീമിന് കളിക്കേണ്ടതുണ്ട്. ഇതിനിടയിൽ ഇങ്ങനെയൊരു മത്സരം വന്നാൽ പ്രധാന ടീമിനെ കളത്തിലിറക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടാകും. അതിനാൽ മത്സരത്തീയതി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജംഷഡ്‌പൂർ എഫ്.സിയെപ്പോലുള്ള പ്രമുഖ ക്ലബ്ബുകൾ പോലും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന വാർത്തകൾക്കിടെയാണ് കോടികൾ പൊടിച്ചുള്ള ഈ മാമാങ്കം അരങ്ങേറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബർ 3-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഒരു സ്വകാര്യ കൺസൾട്ടൻസി ഗ്രൂപ്പും ചേർന്നാണ് ഈ പ്രദർശന മത്സരം സംഘടിപ്പിക്കുന്നത്. ബ്രസീൽ ടീം ഇന്ത്യയിലെത്തുന്നത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ടെങ്കിലും, രാജ്യത്തെ ഫുട്ബോളിന്റെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഈ നീക്കത്തിനെതിരെ ഫുട്ബോൾ നിരീക്ഷകർക്കിടയിൽ നിന്ന് വലിയ എതിർപ്പാണ് ഉയരുന്നത്.