06/08/2026
[fontresizer_tawhidurrahmandear_widget]

നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം: അഞ്ച് വർഷത്തിനിടെ ചെലവായത് 558 കോടി രൂപ; കണക്കുകൾ പാർലമെന്റിൽ

 നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം: അഞ്ച് വർഷത്തിനിടെ ചെലവായത് 558 കോടി രൂപ; കണക്കുകൾ പാർലമെന്റിൽ

ന്യൂഡൽ​ഹി: 2021 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്ര സർക്കാർ ആകെ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ എം.പിമാരായ ഡോ. വി. ശിവദാസൻ, സഞ്ജയ് സിങ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയാണ് ഈ കണക്കുകൾ ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഈ വർഷം (2026) ഇതുവരെ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകൾക്കായി 74.59 കോടി രൂപയാണ് ചെലവായിട്ടുള്ളത്. മലേഷ്യ, ഇസ്രയേൽ, നോർവേ, ന്യൂസിലൻഡ് തുടങ്ങി 13 രാജ്യങ്ങളിലേക്കാണ് ഈ വർഷം അദ്ദേഹം ഇതുവരെ സന്ദർശനം നടത്തിയത്. ഇതിൽ ഏറ്റവും ഉയർന്ന തുക ചെലവായത് നോർവേ യാത്രയ്ക്കാണ് (17.47 കോടി രൂപ). കൂടാതെ ഇസ്രയേൽ സന്ദർശനത്തിന് 11.92 കോടി രൂപയും സീഷെൽസ് സന്ദർശനത്തിന് 8.22 കോടി രൂപയും ചെലവായിട്ടുണ്ട്. ഫ്രാൻസ് യാത്രയുടെ ചെലവുകൾ തയ്യാറാക്കിവരുന്നതേയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം വിദേശയാത്രകൾക്കായി ചെലവഴിച്ചത് 2025-ലാണ്. 187.83 കോടി രൂപയാണ് ആ വർഷത്തെ മാത്രം ചെലവ്. 2024-ൽ ഇത് 110.01 കോടി രൂപയായിരുന്നു.

2021 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ആകെ 79 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. 2021-ൽ നാല് രാജ്യങ്ങളും, 2022-ൽ പത്ത് രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് 2023-ൽ പതിനൊന്നും, 2024-ൽ പതിനെട്ടും രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. 2025-ൽ റെക്കോർഡ് എണ്ണമായ 23 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ഈ വർഷം ഓഗസ്റ്റ് വരെ 13 രാജ്യങ്ങളിലും അദ്ദേഹം എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഈ സന്ദർശനങ്ങൾ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും വ്യാപാര-നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനും വലിയ തോതിൽ സഹായിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. വിദേശയാത്രകളുടെ ഭാഗമായി ഒപ്പുവെച്ച വിവിധ കരാറുകളും ധാരണാപത്രങ്ങളും രാജ്യത്ത് നിക്ഷേപത്തിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചു. ഇതിന്റെ ഫലമായി 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ 381.8 ബില്യൺ അമേരിക്കൻ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയ്ക്ക് ലഭിച്ചതായും സർക്കാർ വ്യക്തമാക്കി.

Also read: