05/09/2026
[fontresizer_tawhidurrahmandear_widget]

കമ്യൂണിസ്റ്റ് സൈദ്ധാന്തികരെ നിലയ്ക്കുനിർത്തി,അഴിമതിക്കാരെ തുരത്തി; ചൈനയെ ലോക സാമ്പത്തിക ശക്തിയാക്കി മാറ്റിയ ‘ഉരുക്കുമനുഷ്യൻ’; മുൻ ചൈനീസ് പ്രധാനമന്ത്രി ഷു റോങ്ജി അന്തരിച്ചു

 കമ്യൂണിസ്റ്റ് സൈദ്ധാന്തികരെ നിലയ്ക്കുനിർത്തി,അഴിമതിക്കാരെ തുരത്തി; ചൈനയെ ലോക സാമ്പത്തിക ശക്തിയാക്കി മാറ്റിയ ‘ഉരുക്കുമനുഷ്യൻ’; മുൻ ചൈനീസ് പ്രധാനമന്ത്രി ഷു റോങ്ജി അന്തരിച്ചു

ബീജിംങ്: ചൈനയെ ആഗോള സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക പരിഷ്കർത്താവുമായ ഷു റോങ്ജി (98) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെ ബീജിംഗിലായിരുന്നു അന്ത്യം എന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

1998 മുതൽ 2003 വരെ പ്രസിഡൻ്റ് ജിയാങ് സെമിന് കീഴിൽ ചൈനീസ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം രാജ്യത്തെ ആധുനിക സമ്പദ്‌വ്യവസ്ഥയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന നേതാവാണ്. 1990-കളിൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ തലവനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, യാഥാസ്ഥിതികരായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെയും സൈദ്ധാന്തികരുടെയും എതിർപ്പുകളെ മറികടന്നുകൊണ്ട് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ അടിമുടി പൊളിച്ചെഴുതി.

2001-ൽ ചൈനയെ ലോക വ്യാപാര സംഘടനയുടെ (WTO) ഭാഗമാക്കാൻ നടത്തിയ സുദീർഘമായ ചർച്ചകൾക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. ഈ തീരുമാനമാണ് ചൈനയെ ലോകത്തിന്റെ പ്രധാന ഉത്പാദന കേന്ദ്രവും ഏറ്റവും വലിയ കയറ്റുമതിക്കാരുമാക്കി മാറ്റാൻ സഹായിച്ചത്.

നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സർക്കാർ കമ്പനികൾക്ക് വായ്പ നൽകുന്നത് നിർത്തിയ അദ്ദേഹം അത്തരം സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനായി കർശന നടപടികൾ സ്വീകരിച്ചു. ഈ പരിഷ്കാരങ്ങളുടെ ഭാഗമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെങ്കിലും, പണപ്പെരുപ്പം നിയന്ത്രിക്കാനും ചൈനീസ് സമ്പദ്‌വ്യവസ്ഥയെ അമേരിക്കയ്ക്ക് പിന്നിൽ ലോകത്തെ രണ്ടാമത്തെ വലിയ ശക്തിയായി വളർത്താനും ഈ നടപടികൾ സഹായിച്ചു. തന്റെ തുറന്നുപറച്ചിലുകളുടെയും അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെയും പേരിലാണ് അദ്ദേഹം ജനങ്ങൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയത്. “അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കായി ഞാൻ 99 ശവപ്പെട്ടികൾ തയ്യാറാക്കും, നൂറാമത്തെ ശവപ്പെട്ടി എനിക്കുള്ളതാണ്” എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രഖ്യാപനം അഴിമതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ കർശന നിലപാട് എത്രത്തോളമായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും ക്രമക്കേടുകൾ നടത്തുന്ന ബാങ്കർമാരെയും അദ്ദേഹം മുഖം നോക്കാതെ വിമർശിച്ചു. മോശം നിർമ്മാണ പ്രവർത്തനങ്ങളെയും അഴിമതിക്കാരെയും പരസ്യമായി ശാസിച്ച അദ്ദേഹം അഴിമതി രഹിതമായ ഒരു വ്യവസ്ഥിതിക്ക് വേണ്ടി നിലകൊണ്ട ‘ഉരുക്കുമനുഷ്യൻ’ കൂടിയായിരുന്നു. എക്കാലവും അഴിമതിക്കാരോട് ഒട്ടും ക്ഷമിക്കാത്ത പ്രകൃതക്കാരനായിരുന്ന അദ്ദേഹം, സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനും പരസ്യമായി മാപ്പുപറയാനും തയ്യാറായിരുന്നു. തെക്കൻ ചൈനയിൽ സ്കൂളിലുണ്ടായ ഒരു സ്ഫോടനത്തിൽ 42 പേർ മരിച്ചപ്പോൾ അദ്ദേഹം ദേശീയ ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പുപറഞ്ഞത് ഇതിനൊരു ഉദാഹരണമാണ്.

1928 ഒക്ടോബർ 23-ന് ഹുനാൻ പ്രവിശ്യയിൽ ജനിച്ച ഷു റോങ്ജി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ വലിയ പ്രതിസന്ധികളെ നേരിട്ടിരുന്നു. മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ഹംഗറിയിലെയും യുഗോസ്ലാവ്യയിലെയും സാമ്പത്തിക പരിഷ്കാരങ്ങളെ പ്രശംസിച്ചതിന്റെ പേരിൽ 1957-ൽ അദ്ദേഹത്തിന് കടുത്ത നടപടികൾ നേരിടേണ്ടിവരികയും സാംസ്കാരിക വിപ്ലവകാലത്ത് ഗ്രാമീണ മേഖലയിൽ കഠിനമായ ശാരീരിക അധ്വാനത്തിനും പ്രവാസ ജീവിതത്തിനും നിർബന്ധിതനാവുകയും ചെയ്തു. പിന്നീട് നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ചൈനീസ് രാഷ്ട്രീയത്തിന്റെ ഉന്നത തലങ്ങളിലേക്ക് തിരിച്ചെത്തുന്നത്.

1991-ൽ ഉപപ്രധാനമന്ത്രിയായി നിയമിതനായ അദ്ദേഹം പണപ്പെരുപ്പം ഇല്ലാതാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. പൊതുവേദികളിൽ തമാശകൾ പറയാൻ മടികാണിക്കാതിരുന്ന അദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്ന ഷു റോങ്ജിയുടെ വിയോഗം ചൈനീസ് സാമ്പത്തിക ചരിത്രത്തിലെ ഒരു യുഗാന്ത്യമായാണ് വിലയിരുത്തപ്പെടുന്നത്.

Also read: