ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുൻഗണന; ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറി ഇന്ത്യ
ന്യൂഡൽഹി: ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുൻഗണന നൽകുന്നതിനായി, കന്നി ടൂർണമെന്റായ ഫിഫ ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ഒക്ടോബറിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീലിനെതിരെയുള്ള ആവേശകരമായ മത്സരം നടക്കുന്നത്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ആസിയാൻ കപ്പും ബ്രസീലിനെതിരായ മത്സരവും ഒരേ സമയത്ത് വന്നതോടെയാണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ ഇന്ത്യ തീരുമാനിച്ചത്.
ആസിയാൻ രാജ്യങ്ങൾക്ക് പുറത്തുനിന്നുള്ള അതിഥികളായിട്ടാണ് ടൂർണമെൻ്റിൽ പങ്കെടുക്കാൻ ഫിഫ ഇന്ത്യയെ ക്ഷണിച്ചിരുന്നത്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പിലായിരുന്നു ഇന്ത്യ ഉൾപ്പെട്ടിരുന്നത്. എന്നാൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെപ്പോലൊരു വമ്പൻ ടീമിനെതിരെ കളിക്കാൻ ലഭിക്കുന്ന വലിയൊരു അവസരം യാതൊരു കാരണവശാലും നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് എ.ഐ.എഫ്.എഫ്.
2027-ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ സാധിക്കാതെ പോയ ഇന്ത്യൻ ടീമിന് ഉയർന്ന നിലവാരമുള്ള എതിരാളികൾക്കെതിരെ മാറ്റുരയ്ക്കാൻ ലഭിക്കുന്ന മികച്ച അവസരമാണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയതോടെ നഷ്ടമായത്. എങ്കിലും, ഈ ഇടവേളയിൽ ലോകകപ്പ് യോഗ്യതയുള്ള മറ്റ് ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഫെഡറേഷൻ പദ്ധതിയിടുന്നുണ്ട്.