‘ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കും’; ട്രംപിന്റെ വെല്ലുവിളിയും ഇറാന്റെ മറുപടിയും
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവായുധ മോഹങ്ങൾക്ക് തടയിടാനുള്ള അമേരിക്കയുടെ നീക്കങ്ങൾ രാജ്യത്ത് ഇന്ധനവില വർധനവിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ രംഗത്തെത്തി. തzരഞ്ഞെടുപ്പ് വേദിയിലെ പ്രസംഗങ്ങൾ കൊണ്ട് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ആർക്കുമാകില്ലെന്ന് ഇറാൻ ഉപവിദേശകാര്യ മന്ത്രി ഖാസിം ഗരീബാബാദി തുറന്നടിച്ചു. ഇതിനിടെ, ഹോർമുസിൽ വെച്ച് യു.എ.ഇയുടെ മറ്റൊരു എണ്ണക്കപ്പലിനു നേരെ കൂടി ഇറാന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടക്കുന്ന ചർച്ചകൾ ഉടൻ പൂർത്തിയാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി അറിയിച്ചു. അതേസമയം, ഇസ്രായേലുമായുള്ള തുടർചർച്ചകൾ ലബനന്റെ താല്പര്യങ്ങളെ ഹനിക്കുമെന്നാണ് ഹിസ്‌ബുല്ല മേധാവി നഈം ഖാസിം പ്രതികരിച്ചത്.
പ്രകോപനങ്ങൾ തുടരുന്നതിനിടയിലും, അമേരിക്കയും ഇറാനും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ നീട്ടാൻ ധാരണയായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിലവിലെ കരാർ ഓഗസ്റ്റ് 17-ന് അവസാനിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം. പാകിസ്ഥാൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് തുർക്കി വാർത്താ ഏജൻസിയായ ‘അനഡോലു’വാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കരാർ നീട്ടാൻ തയ്യാറാണെന്ന് ഇരു രാജ്യങ്ങളും മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര കാലത്തേക്കാണ് വെടിനിർത്തൽ നീട്ടുക എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.