04/09/2026
[fontresizer_tawhidurrahmandear_widget]

ദേശീയഗാനത്തിനിടെ വന്ദേമാതരം പാടി; ‘ബിജെപി കൗൺസിലർമാർക്കെതിരെ ദേശദ്രോഹത്തിന് കേസെടുക്കണം’; സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി പ്രവീൺകുമാർ എം.എൽ.എ

 ദേശീയഗാനത്തിനിടെ വന്ദേമാതരം പാടി; ‘ബിജെപി കൗൺസിലർമാർക്കെതിരെ ദേശദ്രോഹത്തിന് കേസെടുക്കണം’; സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി പ്രവീൺകുമാർ എം.എൽ.എ

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ നടന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയഗാനത്തെ അപമാനിക്കുന്ന വിധത്തിൽ സമാന്തരമായി ‘വന്ദേമാതരം’ ആലപിച്ച ബിജെപി കൗൺസിലർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ പ്രവീൺകുമാർ പരാതി നൽകിയത്. ദേശീയഗാനത്തെയും ദേശീയതയെയും അപമാനിച്ച കുറ്റക്കാർക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

കോർപറേഷനിൽ മേയർ ഒ. സദാശിവന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു ബി.ജെ.പി അംഗങ്ങളുടെ നാടകീയ നീക്കം. രാവിലെ പതാക ഉയർത്തിയ ശേഷം മേയറും ഭരണപക്ഷ അംഗങ്ങളും ചേർന്ന് ദേശീയഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ, തൊട്ടടുത്തുനിന്ന ബി.ജെ.പി കൗൺസിലർമാർ സമാന്തരമായി വന്ദേമാതരം പാടുകയായിരുന്നു. പലരും വന്ദേമാതരത്തിന്റെ അച്ചടിച്ച പകർപ്പ് നോക്കിയാണ് ആലപിച്ചത്. ദേശീയഗാനം അവസാനിച്ചതോടെ മേയറും മറ്റ് കൗൺസിലർമാരും മടങ്ങിയെങ്കിലും, വന്ദേമാതരം പൂർണമായും പാടിത്തീർത്ത ശേഷമാണ് ബി.ജെ.പി അംഗങ്ങൾ പിരിഞ്ഞുപോയത്.

അതേസമയം, വന്ദേമാതരം ആലപിക്കുന്ന കാര്യം ബി.ജെ.പി കൗൺസിലർമാർ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് മേയർ ഒ. സദാശിവൻ വ്യക്തമാക്കി. ഗാനം പാടുന്നത് ആരും തടഞ്ഞിട്ടില്ല. എന്നാൽ പതാക ഉയർത്തുമ്പോൾ സാധാരണയായി ദേശീയഗാനമാണ് ആലപിക്കാറുള്ളത്. അതിനിടയിൽ വന്ദേമാതരം ആലപിച്ചത് ഉചിതമായോ എന്ന് അവർ തന്നെ ചിന്തിക്കണം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. അനവസരത്തിലുള്ള ഈ നടപടി ചടങ്ങിന്റെ ഗാംഭീര്യം കെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി കൗൺസിലർമാരുടെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Also read: