17/08/2026
[fontresizer_tawhidurrahmandear_widget]

‘ഹിന്ദുക്കൾ വരെ ബിജെപിയെ ഭയക്കുന്നു’; രാജിവെക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് നടൻ ദേവൻ

 ‘ഹിന്ദുക്കൾ വരെ ബിജെപിയെ ഭയക്കുന്നു’; രാജിവെക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് നടൻ ദേവൻ

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ ദേവൻ. പാർട്ടിയിൽ പ്രവർത്തിക്കാൻ ആവശ്യമായ ഇടം ലഭിക്കാത്തതാണ് രാജിക്കുള്ള പ്രധാന കാരണമെന്നും, തനിക്ക് സ്ഥാനമോഹങ്ങളോ സീറ്റുകളോ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലല്ല, മറിച്ച് കഴിഞ്ഞ ആറുമാസമായി ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കാര്യം ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. ഹിന്ദുക്കൾക്ക് ഇടയിൽ പോലും ബിജെപിയെക്കുറിച്ച് വലിയ ഭയവും ആശങ്കയുമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

പാർട്ടിയുടെ ഉന്നത നേതാക്കളിൽ നിന്നുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് താൻ ബിജെപിയിൽ എത്തിയതെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. പാർട്ടിയിൽ താൻ എന്താണ് ചെയ്യേണ്ടതെന്ന് വൈസ് പ്രസിഡന്റുമാരോട് അടക്കം പലതവണ ചോദിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. സീറ്റ് കിട്ടാത്തതുകൊണ്ടാണ് താൻ പാർട്ടി വിടുന്നതെന്ന പ്രചാരണം തെറ്റാണ്. 2021-ൽ ഡൽഹിയിൽ വെച്ച് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഏത് സീറ്റ് വേണമെന്ന് അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ തനിക്ക് സീറ്റല്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരമാണ് വേണ്ടതെന്നാണ് അന്ന് മറുപടി നൽകിയത്.

ജനങ്ങൾക്ക് എന്നെ വിശ്വാസമുണ്ടെങ്കിലും, ഞാൻ പ്രതിനിധീകരിക്കുന്ന പാർട്ടിയോട് അവർക്ക് വിശ്വാസക്കുറവുണ്ടെന്നും ദേവൻ പറഞ്ഞു. രാജിക്കാര്യം സംസ്ഥാന പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും, താൻ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾക്ക് വിധേയപ്പെട്ട് നിൽക്കുന്ന ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: