‘ടോക്സിക്’ കുട്ടികൾ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത് മാത്രം’; പുതിയ സിനിമയെക്കുറിച്ച് മുന്നറിയിപ്പുമായി യഷ്
ബെംഗളൂരു: തന്റെ പുതിയ ചിത്രമായ ‘ടോക്സിക്’ കുട്ടികൾക്കുള്ളതല്ലെന്നും പൂർണ്ണമായും മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും തുറന്നുപറഞ്ഞ് കന്നഡ സൂപ്പർതാരം യഷ്. ആക്ഷനും വയലൻസിനും ബോൾഡ് രംഗങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് താരം ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഇന്ത്യ ടി.വിയുടെ ‘ആപ് കി അദാലത്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് യഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചിത്രം കുട്ടികൾ കാണാൻ പാടില്ലെന്നും, ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ എന്തൊക്കെ കാണണം, എന്തൊക്കെ ഉൾക്കൊള്ളണം, എന്തൊക്കെ ചെയ്യരുത് എന്ന് തീരുമാനിക്കാൻ മുതിർന്നവർക്ക് സ്വന്തമായി കഴിവുണ്ടെന്നും അതിനാലാണ് ചിത്രം അവർക്കായി സമർപ്പിക്കുന്നതെന്നും യഷ് വ്യക്തമാക്കി.
ചിത്രത്തിന്റെ ടാഗ്‌ലൈനായ ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ എന്നത് തന്നെ ഈ സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്നതിന്റെ കൃത്യമായ സൂചനയാണെന്ന് യഷ് ചൂണ്ടിക്കാട്ടി. ട്രെയിലറിൽ കാണുന്ന കാഴ്ചകൾക്കും അപ്പുറം വളരെ ആഴത്തിലുള്ള ഒരു കഥ ഈ ചിത്രത്തിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ഈ ചിത്രത്തിൽ യഷ് ഇരട്ട ലുക്കിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.