‘ഒരു കയ്യില്‍ പൊതിച്ചോറും മറുകയ്യില്‍ എംഡിഎംഎയും, തൊടുപുഴ സഖാക്കളെ കാണുമ്പോള്‍ ഇടുക്കി ഗോള്‍ഡ് ഒക്കെ എന്ത്?’; പരിഹാസവുമായി ജോയ് മാത്യു
കൊച്ചി: മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ നാലംഗ സംഘം പിടിയിലായ സംഭവത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഡി.വൈ.എഫ്.ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, ഒപ്പമുണ്ടായിരുന്ന അർഷിദ്, ആഷിഖ്, നിയാൻ എന്നിവരാണ് ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തെക്കുംഭാഗത്ത് വെച്ച് രണ്ട് വാഹനങ്ങളിലായി സഞ്ചരിക്കുകയായിരുന്ന ഇവരെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
സംഭവത്തിൽ സംഘടനയുടെ സാമൂഹിക പ്രവർത്തനങ്ങളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ‘ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ എം.ഡി.എം.എയുമായി നിൽക്കും തൊടുപുഴ സഖാക്കളെ കാണുമ്പോൾ ഇടുക്കി ഗോൾഡ് ഒക്കെ എന്ത്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസ പോസ്റ്റ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് യുവജന സംഘടനയുടെ നേതാവ് തന്നെ പിടിയിലായതിനെതിരെ സമൂഹമാധ്യമങ്ങളിലും വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
പിടിയിലായവരിൽ അർഷിദ് മുൻപും ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന ചെറിയ അളവിലുള്ള ലഹരിമരുന്നുമായി ഇയാൾ പിടിയിലായിരുന്നു. തുടർന്ന് ഇയാൾ പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ശക്തമായ നിരീക്ഷണത്തിലായിരുന്നു. അതേസമയം, പിടിയിലായ ടി.എസ്. ഷിയാസ് മുൻപ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള വ്യക്തിയാണ്. മാത്രമല്ല, ഡി.വൈ.എഫ്.ഐ ഭാരവാഹി എന്ന നിലയിൽ പ്രദേശത്ത് ലഹരിവിരുദ്ധ ജാഥകൾക്കും ബോധവൽക്കരണ പരിപാടികൾക്കും മുൻകൈയെടുത്ത് നേതൃത്വം നൽകിയിരുന്ന നേതാവ് കൂടിയാണ് ഇയാൾ എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.