04/09/2026
[fontresizer_tawhidurrahmandear_widget]

‘സന്തോഷ് പണ്ഡിറ്റ് ഇൻ ചൈന‘!, സിനിമ എത്രത്തോളം മോശമാണെന്നറിയാൻ തിയേറ്ററുകളിലേക്ക് ഇരച്ചുകയറി ജനങ്ങൾ; ഒരു ലക്ഷം രൂപയ്ക്ക് നിർമിച്ച ‘നിയൂ ലായ്’ സ്പൈഡർമാനെയും കടത്തിവെട്ടി കുതിക്കുന്നു

 ‘സന്തോഷ് പണ്ഡിറ്റ് ഇൻ ചൈന‘!, സിനിമ എത്രത്തോളം മോശമാണെന്നറിയാൻ തിയേറ്ററുകളിലേക്ക് ഇരച്ചുകയറി ജനങ്ങൾ; ഒരു ലക്ഷം രൂപയ്ക്ക് നിർമിച്ച ‘നിയൂ ലായ്’ സ്പൈഡർമാനെയും കടത്തിവെട്ടി കുതിക്കുന്നു

ബീജിംങ്: ഒരു ലക്ഷം രൂപ മാത്രം മുതൽമുടക്കിൽ അമ്മയും മകനും ചേർന്ന് നിർമ്മിച്ച ഒരു അനിമേഷൻ ചിത്രം ചൈനീസ് ബോക്സോഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ‘പശു വരുന്നു’ എന്ന് അർത്ഥം വരുന്ന ‘നിയൂ ലായ്’ എന്ന ചൈനീസ് ചിത്രമാണ് സ്പൈഡർമാൻ, ദി ഒഡീസി തുടങ്ങിയ വൻകിട ഹോളിവുഡ് ചിത്രങ്ങളെപ്പോലും പിന്തള്ളി തിയേറ്ററുകളിൽ വൻ മുന്നേറ്റം നടത്തുന്നത്. ഒരു സിനിമ എത്രത്തോളം മോശമാകാം എന്ന് നേരിട്ടുകണ്ട് ബോധ്യപ്പെടാൻ വേണ്ടി മാത്രം ജനങ്ങൾ തിയേറ്ററുകളിലേക്ക് ഇരച്ചുകയറിയതാണ് ഈ ചിത്രത്തിന്റെ അവിശ്വസനീയമായ വിജയത്തിന് പിന്നിലെ രഹസ്യം.

ഒരു നവജാത പശുക്കിടാവും വാനമ്പാടിയും തമ്മിലുള്ള സൗഹൃദവും അവരുടെ ഒരു സ്വപ്ന യാത്രയുമാണ് 86 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രമേയം. ഷിൻ യുമെങ്, സുൻ ലിഫാങ് എന്നീ അമ്മയും മകനും ചേർന്ന് അഞ്ച് വർഷം കൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കിയത്. രചന, സംവിധാനം, നിർമ്മാണം, ഡബ്ബിംഗ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും കൈകാര്യം ചെയ്തത് ഇവർ രണ്ടുപേരും മാത്രമാണ്. റിലീസിന് മുൻപ് യാതൊരുവിധ പ്രൊമോഷനുകളോ ട്രെയിലറോ ഇല്ലാതിരുന്ന ചിത്രത്തിന്, പരമ്പരാഗത ചൈനീസ് ഇങ്ക്-വാഷ് ശൈലിയിലുള്ള ഒരു പോസ്റ്റർ മാത്രമാണ് ആകെയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആദ്യത്തെ 10 ദിവസങ്ങളിൽ ചൈനയിലുടനീളം 300-ൽ താഴെ ആളുകൾ മാത്രമാണ് സിനിമ കാണാൻ ടിക്കറ്റെടുത്തത്.

എന്നാൽ റിലീസിന് ശേഷം സിനിമയിലെ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചിത്രത്തിന്റെ തലവര മാറിയത്. തീർത്തും മോശമായ കമ്പ്യൂട്ടർ ഗ്രാഫിക്സ്, ചലനമില്ലാത്ത കഥാപാത്രങ്ങൾ, പൊരുത്തമില്ലാത്ത ശബ്ദവിന്യാസം, ആശയക്കുഴപ്പമുണ്ടാക്കുന്ന കഥാഗതി എന്നിവയെല്ലാം ചേർന്ന് സിനിമ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും മീമുകൾക്കും ഇരയായി. ഒരു ശരാശരി വിദ്യാർത്ഥി ചെയ്യുന്ന പ്രോജക്റ്റിനേക്കാൾ മോശമാണെന്നും, എ.ഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ദൃശ്യങ്ങൾക്ക് ഇതിനേക്കാൾ നിലവാരമുണ്ടെന്നും വിമർശനങ്ങൾ ഉയർന്നു. എന്നാൽ ഈ കടുത്ത പരിഹാസങ്ങൾ ചിത്രത്തിന് തിരിച്ചടിയാകുന്നതിന് പകരം, അതൊരു വലിയ സോഷ്യൽ മീഡിയ ട്രെൻഡായി മാറുകയായിരുന്നു. സിനിമയുടെ പോരായ്മകൾ വെറുമൊരു മീം മെറ്റീരിയലായി മാറിയതോടെ ചിത്രം കാണാൻ തിയേറ്ററുകളിൽ വൻ തിരക്കനുഭവപ്പെട്ടു.

ചൈനീസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ മാവോയൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 14.9 ദശലക്ഷത്തിലധികം യുവാൻ (ഏകദേശം 20 കോടി രൂപ) ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. ഗുണനിലവാരം തീരെയില്ലാത്തതിനാൽ സിനിമ റിലീസ് ചെയ്യരുതെന്ന് വിതരണക്കാരനായ സുഹൃത്തിന് പലരും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, കേവലം സൗഹൃദത്തിന്റെ പേരിൽ മാത്രമാണ് അദ്ദേഹം ഇതിന് തയ്യാറായത്. എന്നാൽ ആ പോരായ്മകൾ തന്നെയാണ് ഇന്ന് ചിത്രത്തെ വലിയൊരു ജനപ്രിയ വിജയമാക്കി മാറ്റിയത്. ചിത്രത്തിന് ചുറ്റും പരിഹാസങ്ങൾ നിറയുമ്പോഴും, കൃത്രിമബുദ്ധിയുടെ കാലത്ത് കൈകൊണ്ട് വരച്ചെടുത്ത അപൂർണ്ണമായ ദൃശ്യങ്ങൾ വേറിട്ടൊരു അനുഭവം നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തായാലും കഠിനാധ്വാനവും സോഷ്യൽ മീഡിയയിലെ ട്രോളുകളും ഒത്തുചേരുമ്പോൾ ബോക്സോഫീസിൽ എന്ത് അത്ഭുതവും സംഭവിക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ‘നിയൂ ലായ്’.

Also read: