‘ചികിത്സിക്കാൻ പണമില്ല, കുടുംബഭാരം താങ്ങാനായില്ല’; രോഗിയായ അമ്മയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്ന് മകൻ
ചെന്നൈ: ചികിത്സിക്കാൻ പണമില്ലാത്തതിനെയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെയും തുടർന്ന് തമിഴ്‌നാട്ടിൽ രോഗിയായ അമ്മയെ മകൻ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവമുണ്ടായത്. എഴുപത്തിയൊന്നുകാരിയായ എസ്. പദ്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയ മകൻ പാർത്ഥസാരഥിയെ (44) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരനാണ്.
തുടക്കത്തിൽ ഇതൊരു അപകട മരണമാണെന്നാണ് പോലീസ് കരുതിയത്. എന്നാൽ റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വീൽചെയർ കണ്ടെത്തിയത് പോലീസിൽ സംശയമുണർത്തി. തുടർന്ന് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസാരശേഷിയില്ലാത്ത അമ്മയെ വീൽചെയറിലിരുത്തി മൂന്നാം പ്ലാറ്റ്ഫോമിലെത്തിച്ച പ്രതി, യലഗിരി എക്‌സ്പ്രസ് പാഞ്ഞുവരുമ്പോൾ ട്രാക്കിലേക്ക് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പദ്മാവതി സംഭവസ്ഥലത്തുവച്ചുതന്നെ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗം ബാധിച്ച പദ്മാവതിയെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള മൂത്ത സഹോദരനെയും സംരക്ഷിച്ചിരുന്നത് പാർത്ഥസാരഥിയായിരുന്നു. മാസം 12,000 രൂപ മാത്രമായിരുന്നു ഇയാളുടെ വരുമാനം. ഇതുകൊണ്ട് കുടുംബം പുലർത്താനും ചികിത്സാ ചെലവുകൾ വഹിക്കാനും ഇയാൾക്ക് കഴിഞ്ഞിരുന്നില്ല. പദ്മാവതിക്ക് മൂന്ന് മക്കളാണുള്ളത്. രണ്ടാമത്തെ മകൻ വിവാഹം കഴിച്ച് മാറിത്താമസിക്കുകയാണ്. കടുത്ത മദ്യപാനിയായ പാർത്ഥസാരഥിയുടെ ഭാര്യയും രണ്ട് പെൺമക്കളും ഇയാളുമായി അകന്നു കഴിയുകയാണ്. ഒടുവിൽ കടുത്ത ദാരിദ്ര്യവും കുടുംബപ്രശ്നങ്ങളും സഹിക്കവയ്യാതെയാണ് താൻ അമ്മയെ കൊലപ്പെടുത്തുകയെന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.