‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; 2029-ൽ യാഥാർഥ്യമാക്കാൻ കേന്ദ്രം; എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭകൾ നേരത്തെ പിരിച്ചുവിട്ടേക്കും?
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രധാന അജണ്ടകളിലൊന്നായ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി നിശ്ചയിച്ചതിലും വേഗത്തിൽ നടപ്പിലാക്കാൻ എൻ.ഡി.എ സഖ്യം ഒരുങ്ങുന്നതായി റിപ്പോർട്ട്. 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഈ പദ്ധതി യാഥാർഥ്യമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, എൻ.ഡി.എക്ക് ഭരണമുള്ള 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകൾ അവയുടെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താനാണ് ആലോചന.
2034-ഓടെ രാജ്യത്തുടനീളം ഒരേസമയം തെരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് സംബന്ധിച്ച ബില്ലുകൾ പരിശോധിക്കാൻ രൂപീകരിച്ച പാർലമെന്ററി സംയുക്ത സമിതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സമിതി ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, നിയമ-സാമ്പത്തിക വിദഗ്ധർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ അന്തിമ റിപ്പോർട്ട് ഈ വർഷത്തെ ശീതകാല സമ്മേളനത്തിൽ തന്നെ സമർപ്പിച്ചേക്കുമെന്നാണ് വിവരം.
അടുത്ത രണ്ട് വർഷങ്ങളിൽ എൻ.ഡി.എ സഖ്യം സംസ്ഥാനങ്ങളിൽ തങ്ങളുടെ ഭരണം നിലനിർത്തുകയാണെങ്കിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 174(2)(b) വകുപ്പ് പ്രകാരം 2029 ജനുവരിയോടെ സഭകൾ പിരിച്ചുവിടാൻ മന്ത്രിസഭയ്ക്ക് ഗവർണർമാരോട് ശുപാർശ ചെയ്യാൻ കഴിയും. ചട്ടപ്രകാരം സഭ പിരിച്ചുവിട്ടാൽ ആറ് മാസത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നിലവിൽ ഒഡീഷ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. എന്നാൽ ഈ പുതിയ നീക്കം 2029-ൽ നടപ്പിലായാൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് തങ്ങളുടെ കാലാവധിയിൽ നിന്നും മൂന്ന് മുതൽ നാല് വർഷം വരെ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ആശയമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. 2029-ൽ ഒറ്റ തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രചാരണം സാങ്കൽപ്പികം മാത്രമാണെന്നും, പാർലമെന്ററി സമിതി റിപ്പോർട്ട് നൽകുന്നത് വരെ തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. ഈ പുതിയ നീക്കം കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും നേരിട്ട് ബാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പോരിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക.