‘കൈക്കൂലി കൊടുക്കാത്തതിനാൽ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി എംവിഡി’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പാണെന്നും, കൈക്കൂലി കൊടുക്കാത്തതാണ് ഫിറ്റ്നസ് നിഷേധിക്കാൻ കാരണമെന്നും ഷൗക്കത്തലി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏജന്റ് മുഖേനയല്ലാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസിനെ സമീപിച്ചതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതെന്നും, ഇതാണ് നിരന്തരം ഫിറ്റ്നസ് നിഷേധിക്കാൻ കാരണമായതെന്നും ഷൗക്കത്തലിയുടെ കുറിപ്പിൽ പറയുന്നു. പത്ത് മാസമായി താൻ എം.വി.ഡി ഓഫീസുകൾ കയറിയിറങ്ങുകയാണ്. മറ്റ് വഴികളില്ലാതെ വന്നതോടെ ഇ.എം.ഐ മുടങ്ങുകയും ക്രെഡിറ്റ് സ്കോർ കുത്തനെ താഴുകയും ചെയ്തതോടെ ജീവിത മാർഗ്ഗം തന്നെ അടഞ്ഞു. തനിക്ക് മാതാപിതാക്കളോ ഭാര്യയോ കുട്ടികളോ ഇല്ലാത്തതിനാൽ, മരണ ശേഷം നീതി ലഭ്യമാക്കാൻ പൊതുസമൂഹം ഇടപെടണമെന്നും ഷൗക്കത്തലി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചാൽ രേഖകൾ ലഭിച്ചേക്കാമെങ്കിലും, അത് സിസ്റ്റത്തെ തിരുത്താനുള്ള ഒരു കാരണമായി മാറില്ലെന്ന തിരിച്ചറിവിലാണ് താൻ ഈ കടുംകൈ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. മികച്ച ഭരണഘടനയും ജനാധിപത്യവുമുള്ള രാജ്യത്ത് അഴിമതി പെരുകുന്നത് ജനങ്ങൾ കാര്യക്ഷമമായി ഇടപെടാത്തതുകൊണ്ടാണെന്നും, അതിനാൽ തന്റെ ജീവൻ ബലിയർപ്പിച്ച് അഴിമതിക്കെതിരെ പോരാടാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും കുറിപ്പിലുണ്ട്.
തന്റെ വണ്ടി അൺഫിറ്റാണെന്ന ന്യായീകരണം ഉദ്യോഗസ്ഥർ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും, താൻ ചെയ്ത സ്റ്റീൽ വർക്ക് നിയമവിരുദ്ധമല്ലെന്ന് കഴിഞ്ഞ രണ്ട് തവണയും സാക്ഷ്യപ്പെടുത്തിയത് ഇതേ എം.വി.ഡി തന്നെയാണെന്നും ഷൗക്കത്തലി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രിയും ഹൈക്കോടതിയും നേരിട്ട് ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് തന്റെ അവസാന ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. എം.വി.ഡിയിലെ അഴിമതിക്ക് പ്രധാന കാരണം ഏജന്റ് സംവിധാനമാണെന്നും, അത് അവസാനിപ്പിച്ചാൽ തന്നെ വകുപ്പിലെ 80 ശതമാനം അഴിമതിയും ഇല്ലാതാകുമെന്നും ഷൗക്കത്തലി പറയുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് അഴിമതിക്കെതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)