‘ബീഫ് കൈവശം വെച്ചെന്നാരോപണം’: ഒഡീഷയിൽ മുസ്ലിം ദമ്പതികൾക്ക് നേരെ ഗോരക്ഷാ സംഘത്തിൻ്റെ അതിക്രമം; മുട്ടുകുത്തിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; കാഴ്ചക്കാരായി പോലീസും
ഭുവനേശ്വർ: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്ലിം ദമ്പതികൾക്ക് നേരെ സ്വയം പ്രഖ്യാപിത ഗോസംരക്ഷകരുടെ ക്രൂരമായ അതിക്രമം. ഓഗസ്റ്റ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വഴിയിൽ തടഞ്ഞുനിർത്തിയ ദമ്പതികളെ പരസ്യമായി അപമാനിച്ച സംഘം, ഇവരെക്കൊണ്ട് നടുറോഡിൽ മുട്ടുകുത്തിക്കുകയും നിർബന്ധപൂർവ്വം ‘ജയ് ശ്രീറാം’, ‘ജയ് ഗോമാതാ’ എന്നീ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയുമായിരുന്നു. ദമ്പതികളെ ആൾക്കൂട്ടം ആക്രമിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ബീഫ് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകൾ ദമ്പതികളെ തടഞ്ഞുവെച്ചത്. തുടർന്ന് ഇവരെ റോഡിൽ മുട്ടുകുത്തിക്കുകയും, ചെവിയിൽ പിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അക്രമികൾക്കൊപ്പം നാട്ടുകാരും കൂടി ചേർന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് പോലീസ് എത്തിയെങ്കിലും, അക്രമിസംഘം ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കുന്നത് തുടരുന്നതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ദമ്പതികൾക്ക് നേരെ ഇത്തരമൊരു അതിക്രമം നടന്നതെന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് ഗോവധ നിരോധന നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ബി.ജെ.പി സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് തലസ്ഥാന നഗരിയിൽ വെച്ചുതന്നെ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.