04/09/2026
[fontresizer_tawhidurrahmandear_widget]

മോദി ഉദ്ഘാടനം ചെയ്ത 36,000 കോടിയുടെ ഗംഗാ എക്‌സ്പ്രസ് വേയിൽ വീണ്ടും വൻ വിള്ളൽ; ബിജെപി സർക്കാർ നടത്തിയത് വൻ അഴിമതിയെന്ന് പ്രതിപക്ഷം

 മോദി ഉദ്ഘാടനം ചെയ്ത 36,000 കോടിയുടെ ഗംഗാ എക്‌സ്പ്രസ് വേയിൽ വീണ്ടും വൻ വിള്ളൽ; ബിജെപി സർക്കാർ നടത്തിയത് വൻ അഴിമതിയെന്ന് പ്രതിപക്ഷം

ലഖ്നൗ: ഉത്തർപ്രദേശിൽ 36,230 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ഗംഗാ എക്‌സ്പ്രസ് വേയിൽ വീണ്ടും വൻ വിള്ളലുകൾ രൂപപ്പെട്ടു. കനത്ത മഴയെത്തുടർന്ന് പാതയിൽ പത്ത് മീറ്ററോളം താഴ്ചയുള്ള ഗർത്തം രൂപപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ഉന്നാവോയ്ക്ക് സമീപം നേരത്തെ തകർന്ന ഭാഗത്ത് ദേശീയ പാതാ അതോറിറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഈ ഭാഗത്ത് തന്നെയാണ് ഇപ്പോൾ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 29-നാണ് 594 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ആറുവരിപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചത്. മീററ്റിനെയും പ്രയാഗ്രാജിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ എക്‌സ്പ്രസ് വേ യാത്രാസമയം 12 മണിക്കൂറിൽ നിന്ന് 6 മണിക്കൂറായി കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കനത്ത മഴയെപ്പോലും അതിജീവിക്കാൻ ഈ പാതയ്ക്ക് കഴിയുന്നില്ലെന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഡ്രെയിനേജ് സംവിധാനങ്ങളുടെ അശാസ്ത്രീയതയും നിർമ്മാണത്തിലെ നിലവാരത്തകർച്ചയുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ പാതയുടെ പല ഭാഗങ്ങളിലും സമാനമായ തകർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈ മാസത്തിൽ ഉന്നാവോയിലെ സോണിക് ടോൾ പ്ലാസയെ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 18-ന് മീററ്റ്-പ്രയാഗ്രാജ് പാതയിലെ റോഡിന്റെ ഒരു വലിയ ഭാഗം മഴയിൽ ഒലിച്ചുപോയി വൻ കുഴി രൂപപ്പെട്ടത്.

തുടർച്ചയായുള്ള ഈ തകർച്ചകളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഗംഗാ എക്‌സ്പ്രസ് വേയിലെ വിള്ളലുകൾ സർക്കാരിന്റെ അഴിമതിയുടെ വ്യക്തമായ തെളിവുകളാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ‘സൂക്ഷിക്കുക, നിങ്ങളുടെ ജീവൻ അപകടത്തിലാണ്!’ എന്ന് യാത്രികർക്ക് അദ്ദേഹം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങൾ കടുത്തതോടെ പാതയുടെ നിർമ്മാണ നിലവാരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Also read: