“പഞ്ചസാരയ്ക്ക് വില കൂടട്ടേ..,90 ശതമാനം ആളുകൾക്കും മധുരം ഇഷ്‌ടമല്ല, അത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, 40 കഴിഞ്ഞവർ പൂർണമായും ഒഴിവാക്കണം”; കൈലാഷ് വിജയവർഗിയ, മധ്യപ്രദേശ് മന്ത്രി
ഇൻഡോർ: രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനെതിരെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് പാർലമെന്ററികാര്യ മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ. പഞ്ചസാരയുടെ വില ഇനിയും വർധിക്കണമെന്നും, 40 വയസ്സ് കഴിഞ്ഞവർ പഞ്ചസാരയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണമെന്നുമാണ് മന്ത്രിയുടെ വിചിത്രമായ ന്യായീകരണം.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു വിലക്കയറ്റത്തെ അനുകൂലിച്ചുള്ള മന്ത്രിയുടെ പരാമർശം. “ഇക്കാലത്ത് 90 ശതമാനം ആളുകൾക്കും മധുരം ഇഷ്ടമല്ല, ഞാൻ പോലും മധുരപലഹാരങ്ങൾ കഴിക്കാറില്ല. പഞ്ചസാരയുടെ വില ശരിക്കും ഉയരട്ടെ എന്നാണ് എന്റെ അഭിപ്രായം. കുട്ടികൾക്കായി സർക്കാർ റേഷൻ കടകൾ വഴി മാത്രം കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭ്യമാക്കിയാൽ മതി. മുതിർന്നവർക്ക് ഇത് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ നൽകേണ്ടതില്ല”, വിജയവർഗിയ പറഞ്ഞു. 40 വയസ്സിന് മുകളിലുള്ളവർ പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡോക്ടർമാർ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ടെന്നും, ഇക്കൂട്ടർ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി പകരം അപൂർവ്വമായി മാത്രം ശർക്കര ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. വിലക്കയറ്റം ഇല്ലാതാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ബിജെപി നേതാക്കൾ, ഇപ്പോൾ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയുമാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി കുറ്റപ്പെടുത്തി. ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഈ പരിഹാസത്തിന് ജനം തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അപ്പോൾ ആരാണ് ചിരിക്കുക, ആരാണ് കരയുക എന്ന് കാണാമെന്നും പട്വാരി പറഞ്ഞു.
പെട്രോളിൽ എഥനോൾ മിശ്രിതം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ‘ഇ20’ നയമാണ് രാജ്യത്ത് പഞ്ചസാരയ്ക്ക് ഇത്രയധികം വില കൂടാൻ പ്രധാന കാരണമെന്നും, ഇത് സാധാരണക്കാർക്ക് മേൽ വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.