05/09/2026
[fontresizer_tawhidurrahmandear_widget]

‘ലഹരി വിൽപ്പനക്കാരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുക്കും, എന്നിട്ട് മറിച്ചുവിൽക്കും’! കോഴിക്കോട്ട് എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയയാൾ പിടിയിൽ

 ‘ലഹരി വിൽപ്പനക്കാരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുക്കും, എന്നിട്ട് മറിച്ചുവിൽക്കും’! കോഴിക്കോട്ട് എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയയാൾ പിടിയിൽ

കോഴിക്കോട്: ഡാൻസാഫ് എസ്ഐ ആണെന്ന വ്യാജേന ലഹരി വിൽപ്പനക്കാരിൽ നിന്ന് എംഡിഎംഎ തട്ടിയെടുത്ത് മറിച്ചുവിൽക്കുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച് ലഹരി സംഘങ്ങളെ സമീപിച്ച് ഭീഷണിപ്പെടുത്തി അവരിൽ നിന്ന് രാസലഹരികൾ ഉൾപ്പെടെ പിടിച്ചെടുക്കുകയും, പിന്നീട് അത് മറ്റുള്ളവർക്ക് വിൽപ്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതി.

പ്രതിയിൽ നിന്ന് എംഡിഎംഎയ്ക്ക് പുറമെ എയർ പിസ്റ്റൾ, വിലങ്ങ് , വ്യാജ എസ്.ഐ ഐഡി കാർഡ്, പോലീസ് യൂണിഫോം ധരിച്ചുനിൽക്കുന്ന ഫോട്ടോ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഇയാൾ സമാനമായ രീതിയിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയതായും പൊലീസിന് വിവര ലഭിച്ചിട്ടുണ്ട്.

അതേസമയം, ഓണക്കാലത്തെ ലഹരിമരുന്ന് ഉപയോഗവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി എക്സൈസ് വകുപ്പ് ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാക്കുന്ന സ്പെഷ്യൽ ഡ്രൈവ് സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്. ഇതുവരെ 8,241 കേസുകളിലായി 36,633 പേരെയാണ് വകുപ്പ് അറസ്റ്റ് ചെയ്തത്. പ്രധാന ലഹരി കേന്ദ്രങ്ങൾ, സ്പിരിറ്റ് സംഭരണ കേന്ദ്രങ്ങൾ, വാറ്റ് ചാരായ നിർമ്മാണ മേഖലകൾ, സ്ഥിരം കുറ്റവാളികളുടെ താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ‘ഓപ്പറേഷൻ തണ്ടർ’ വഴി മയക്കുമരുന്ന് കേസുകളിലും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നും 3.3 കിലോ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒമ്പത് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഈ കേസിലെ പ്രതിയായ നൈജീരിയൻ പൗരൻ ഇമ്മാനുവൽ അഫാമിനായി ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

റെയിൽവേ, വനം, പൊലീസ് വകുപ്പുകളുമായി ചേർന്ന് അതിർത്തികളിലും വനമേഖലകളിലും സംയുക്ത പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് 281 ഗ്രാമിലധികം എം.ഡി.എം.എയും വാളയാറിൽ നിന്ന് 142 ഗ്രാം മെത്താംഫെറ്റാമിനും അന്വേഷണ സംഘം പിടികൂടി. വനമേഖലയിൽ നടത്തിയ റെയ്ഡിൽ പത്തനംതിട്ട സീതത്തോട് നിന്ന് 2,148 ലിറ്ററും എരുമേലിയിൽ നിന്ന് 320 ലിറ്ററും വാഷ് എക്സൈസ് സംഘം കണ്ടെടുത്തു. കൂടാതെ കണ്ണൂരിൽ നിന്ന് 7,000 ലിറ്ററും അങ്കമാലിയിൽ നിന്ന് 1,200 ലിറ്ററും സ്പിരിറ്റും പിടികൂടിയിട്ടുണ്ട്. കള്ളുഷാപ്പുകളിലെ കള്ളിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി 30,646 ഷാപ്പുകളിൽ പരിശോധന നടത്തി 5,532 സാമ്പിളുകൾ ശേഖരിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾക്ക് 9447178000 എന്ന സംസ്ഥാനതല കൺട്രോൾ റൂം നമ്പറിലോ 155358 എന്ന ജില്ലാ ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാമെന്നും വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു അറിയിച്ചു.

Also read: