“ഓട്ടോറിക്ഷയിലെ രൂപമാറ്റം പൂർണ്ണമായും നീക്കിയില്ല,അതിനാലാണ് ഫിറ്റ്നസ് നിഷേധിച്ചത്, ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല”; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ എംവിഡി റിപ്പോർട്ട്
മലപ്പുറം: അരീക്കോട് കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവറായ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. വാഹനത്തിൽ വരുത്തിയ അനധികൃത രൂപമാറ്റങ്ങൾ പൂർണ്ണമായും ഒഴിവാക്കാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നും, മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചിട്ടും അത് പാലിക്കാത്തതാണ് സർട്ടിഫിക്കറ്റ് നിരസിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2021 ജൂൺ 7-നാണ് ഷൗക്കത്ത് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. നിയമപ്രകാരം ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് 2023 ആഗസ്റ്റ് 17-ന് ആദ്യ പരിശോധന നടത്തി 2025 ആഗസ്റ്റ് 16 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിന്റെ കാലാവധി തീർന്നതിനെ തുടർന്ന്, രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11-നാണ് കൊണ്ടോട്ടി എ.എം.വി.ഐയ്ക്ക് മുന്നിൽ വാഹനം ഹാജരാക്കിയത്.
എന്നാൽ, പരിശോധനയിൽ ചില അനധികൃത മാറ്റങ്ങൾ കണ്ടെത്തിയതിനാൽ ഉദ്യോഗസ്ഥൻ സർട്ടിഫിക്കറ്റ് നിരസിച്ചു. ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലുമുള്ള വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും, ഇവ നീക്കം ചെയ്ത് വീണ്ടും പരിശോധനയ്ക്ക് എത്തിക്കാനും നിർദേശിക്കുകയായിരുന്നു.
ഈ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്തി വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോഴുള്ള ദൃശ്യങ്ങൾ ഷൗക്കത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മറ്റ് മാറ്റങ്ങളെല്ലാം ഷൗക്കത്ത് വരുത്തിയിരുന്നു. എന്നാൽ റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യണമെന്ന് ദൃശ്യങ്ങളിലുള്ള പ്രേംകുമാർ എന്ന ഉദ്യോഗസ്ഥൻ ഷൗക്കത്തിനോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. ഈ ഉദ്യോഗസ്ഥൻ പിന്നീട് 2026 മാർച്ച് 16-ന് കോഴിക്കോട് രാമനാട്ടുകര സബ് ആർ.ടി.ഒ ഓഫീസിലേക്ക് സ്ഥലംമാറിപ്പോയി. ഇതിനുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം ഹാജരാക്കിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.