04/09/2026
[fontresizer_tawhidurrahmandear_widget]

ബംഗ്ലാദേശിലെ ഹിന്ദു കുടുംബത്തിന്റെ കൊലപാതകം വർഗീയ ആക്രമണമല്ല; സോഷ്യൽ മീഡിയ വ്യാജപ്രചാരണങ്ങൾ തള്ളി പോലീസ്; ലഹരിക്കടിമകളായ രണ്ട് പേർ അറസ്റ്റിൽ

 ബംഗ്ലാദേശിലെ ഹിന്ദു കുടുംബത്തിന്റെ കൊലപാതകം വർഗീയ ആക്രമണമല്ല; സോഷ്യൽ മീഡിയ വ്യാജപ്രചാരണങ്ങൾ തള്ളി പോലീസ്; ലഹരിക്കടിമകളായ രണ്ട് പേർ അറസ്റ്റിൽ

ധാക്ക: ബംഗ്ലാദേശിലെ രംഗ്‌പൂരിൽ ഒരേ കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവം വർഗീയ ആക്രമണമല്ലെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടത് ഹിന്ദു സമുദായത്തിൽപ്പെട്ടവരായതിനാൽ ഇതിന് പിന്നിൽ മുസ്‌ലിം തീവ്രവാദികളാണെന്നും ഇതൊരു ജിഹാദി ആക്രമണമാണെന്നും കാണിച്ച് എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വ്യാജപ്രചാരണം നടന്നിരുന്നു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയ പോലീസ്, സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ സിദ്ധാർഥ് ദാസ് (23), ഇയാളുടെ ബന്ധു മുഗ്‌ധ ദാസ് (19) എന്നിവരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്നിന് അടിമകളായ ഇരുവരും പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 22-നാണ് റിട്ടയേർഡ് സ്‌കൂൾ അധ്യാപകനായ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകൻ ആയുഷ് ചക്രവർത്തി (12) എന്നിവരെ രംഗ്‌പൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച അർധരാത്രിയോടെ ‘യാബ’ എന്ന വീര്യമേറിയ ലഹരി ഗുളിക കഴിച്ചതിന് ശേഷം, വീണ്ടും ലഹരി ഉപയോഗിക്കാൻ സൗകര്യം നോക്കി പ്രതികളായ സിദ്ധാർഥും മുഗ്‌ധയും ഗണപതി ചക്രവർത്തിയുടെ വീടിന്റെ ടെറസിൽ ഒളിച്ചിരിക്കുകയായിരുന്നു. പുലർച്ചെ ടെറസിലെത്തിയ ഗണപതി ഇവരെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്ന വിവരം പുറത്തറിയുമെന്ന ഭയത്താൽ പ്രതികൾ ഇരുവരും ചേർന്ന് അദ്ദേഹത്തെ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബഹളം കേട്ട് ടെറസിലേക്കോടിയെത്തിയ ഭാര്യ പ്രീതിലതയെയും മകൾ അഗാമിയെയും പ്രതികൾ ഇതേ രീതിയിൽ തന്നെ കൊലപ്പെടുത്തി. തുടർന്ന് തെളിവുകൾ നശിപ്പിക്കുന്നതിനായി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ഇവർ, താഴത്തെ മുറിയിൽ കട്ടിലിൽ ഉണർന്നിരിക്കുകയായിരുന്ന പന്ത്രണ്ടുകാരനായ ആയുഷിനെയും ക്രൂരമായി ശ്വാസം മുട്ടിച്ച് കൊന്നു. ഇതൊരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ വീട്ടിൽ നിന്ന് 15,000 ടാക്കയും സ്വർണാഭരണങ്ങളും കവർന്ന ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്.

കൊല്ലപ്പെട്ട നാലുപേരുടെയും മരണം ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ഹിന്ദു സമൂഹത്തിന് നേരെയുള്ള ആസൂത്രിത വംശഹത്യയാണിതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതിനെതിരെ ഫാക്ട് ചെക്കിങ് പോർട്ടലായ ആൾട്ട് ന്യൂസ് വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇത്തരം വ്യാജ വർഗീയ പ്രചാരണങ്ങൾ നടത്തി രാജ്യത്ത് അനാവശ്യ ഭീതിയും സംഘർഷവും സൃഷ്ടിക്കാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read: