ട്രംപിന്റെ മുഖമുള്ള മാരക ലഹരി; ജീവനെടുക്കുന്ന ‘ട്രംപ് ഗുളികകൾക്കെതിരെ’ റെഡ് അലർട്ട് പ്രഖ്യാപിച്ച് ആരോഗ്യ സംഘടന
ഹേഗ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മുഖാകൃതിയിൽ നിർമ്മിച്ച മാരക ലഹരിഗുളികകൾ വിപണിയിലെത്തിയതായി നെതർലൻഡ്‌സിൽ മുന്നറിയിപ്പ്. ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള ഈ ഗുളികകൾക്കെതിരെ രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നെതർലൻഡ്‌സിലെ മയക്കുമരുന്ന് വിരുദ്ധ-മാനസികാരോഗ്യ സംഘടനയായ ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ഒരു കാരണവശാലും ഈ ഗുളികകൾ ഉപയോഗിക്കരുതെന്നും, ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗുളികയുടെ ഒരു വശത്ത് ട്രംപിന്റെ മുഖാകൃതിയും മറുവശത്ത് ‘NL’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പച്ച, മഞ്ഞ നിറങ്ങളിൽ ലഭ്യമായ ഈ ഗുളികകളിൽ മാരകമായ പാരാ-മെഥോക്സി മെഥാംഫെറ്റാമൈൻ (PMMA) എന്ന രാസവസ്തുവാണ് അടങ്ങിയിട്ടുള്ളത്.
സാധാരണ എം.ഡി.എം.എ ലഹരിമരുന്നുകളെ അപേക്ഷിച്ച് വളരെ പതുക്കെയാണ് പി.എം.എം.എ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുക. അതിനാൽ പെട്ടെന്ന് ലഹരി ലഭിച്ചില്ലെന്ന് കരുതി ഉപഭോക്താക്കൾ അമിത അളവിൽ ഇത് ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇതിലൂടെ ശരീരതാപനില അപകടകരമായ രീതിയിൽ വർധിക്കുകയും വ്യക്തിയുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യും. നിലവിൽ നെതർലൻഡ്‌സിൽ ഈ ഗുളിക ഉപയോഗിച്ചുള്ള മരണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. നേരത്തെ 2017-ൽ ജർമ്മനിയിലും സമാനമായ രീതിയിൽ ഓറഞ്ച് നിറത്തിലുള്ള ട്രംപ് ഗുളികകൾ പോലീസ് പിടിച്ചെടുത്തിരുന്നു.