‘മക്കളേ യുദ്ധത്തിന് റെഡിയായിക്കോളൂ..’; റഷ്യയിൽ സ്കൂളുകളിൽ 13 വയസ്സുമുതൽ ഇനി സൈനിക പരിശീലനം നിർബന്ധം
മോസ്കോ: യുക്രൈൻ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും സൈനികവൽക്കരണം ശക്തമാക്കി റഷ്യ. പുതിയ അധ്യയന വർഷം മുതൽ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ അടിസ്ഥാന സൈനിക പരിശീലനം കൂടുതൽ വിപുലവും നിർബന്ധവുമാക്കാനാണ് റഷ്യൻ സർക്കാരിന്റെ തീരുമാനം. ഇതോടെ 13 വയസ്സുമുതലുള്ള കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ഇനിമുതൽ സൈനിക ആയുധങ്ങളെക്കുറിച്ചും യുദ്ധസാഹചര്യങ്ങളെ നേരിടുന്നതിനെക്കുറിച്ചും സ്കൂളുകളിൽ നിന്ന് തന്നെ കൃത്യമായ പരിശീലനം ലഭിക്കും.
മെഷീൻ ഗണ്ണുകൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ, ഹാൻഡ് ഗ്രനേഡുകൾ തുടങ്ങിയ യുദ്ധോപകരണങ്ങൾ പരിചയപ്പെടുത്താനും കൈകാര്യം ചെയ്യാനുമാണ് പ്രധാനമായും വിദ്യാർത്ഥികളെ പഠിപ്പിക്കുക. ഇതിന് പുറമെ അടിയന്തര സാഹചര്യങ്ങളിൽ നൽകേണ്ട പ്രാഥമിക ചികിത്സ, സൈനിക അച്ചടക്കം എന്നിവയും പുതിയ പാഠ്യപദ്ധതിയുടെ ഭാഗമാകും. നേരത്തെ പരിമിതമായ രീതിയിൽ മാത്രം നൽകിയിരുന്ന സൈനിക പാഠങ്ങളാണ് പുതിയ സാഹചര്യത്തിൽ കൂടുതൽ വ്യാപകമാക്കുന്നത്.
‘റഷ്യയുടെ സുരക്ഷയുടെയും പ്രതിരോധത്തിന്റെയും അടിസ്ഥാനങ്ങൾ’ എന്ന പ്രത്യേക വിഷയത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നൽകുന്നത്. ഈ വിഷയത്തിനായി മാറ്റിവെച്ചിരിക്കുന്ന ക്ലാസ് സമയത്തിന്റെ പകുതിയോളവും അടിസ്ഥാന സൈനിക പരിശീലനത്തിനായാണ് ഉപയോഗിക്കുക. ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഏത് യുദ്ധസാഹചര്യങ്ങളെയും നേരിടാൻ യുവതലമുറയെ സജ്ജരാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്ക് യുദ്ധകേന്ദ്രിതമായ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. പിഞ്ചു വിദ്യാർത്ഥികളെപ്പോലും യുദ്ധത്തിനായി ഒരുക്കുന്ന റഷ്യയുടെ ഈ നീക്കത്തെ മറ്റ് ലോകരാജ്യങ്ങളും ശക്തമായി അപലപിച്ചു തുടങ്ങിയിട്ടുണ്ട്.