‘യുപിയിലെ ഗൊരഖ്പൂർ മറ്റൊരു സ്പെയിനാണ്, ഇതുകാണാത്തവർ അന്ധരാണ്’; നടനും ബിജെപി എംപിയുമായ രവി കിഷൻ, വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്
ഗൊരഖ്പൂർ: ഉത്തർപ്രദേശിലെ ഗൊരഖ്പൂർ നഗരം ഇപ്പോൾ മറ്റൊരു സ്പെയിനായി മാറിയെന്നും, ഈ വികസനം കാണാൻ കഴിയാത്തവർ അന്ധരാണെന്നും നടനും ബിജെപി എം.പിയുമായ രവി കിഷൻ. ഗൊരഖ്പൂരിലെ ബഷാരത്പൂരിൽ പുതുതായി നിർമിച്ച കല്യാൺ മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് സർക്കാരിന്റെ വിമർശകരെ അധിക്ഷേപിച്ചുകൊണ്ടുള്ള എം.പിയുടെ ഈ വിവാദ പരാമർശം.
തന്റെ മണ്ഡലമായ ഗൊരഖ്പൂർ ഇപ്പോൾ ഒരു സ്മാർട്ട് സിറ്റിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മറ്റ് നേതാക്കളെയും സാക്ഷിയാക്കിയായിരുന്നു രവി കിഷന്റെ ഈ പ്രസംഗം. എം.പിയുടെ അവകാശവാദങ്ങൾ കേട്ട് വേദിയിലിരുന്ന യോഗി ആദിത്യനാഥും സംസ്ഥാന ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദും ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ എം.പിയുടെ പ്രസ്താവന ചർച്ചയായതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. പൊതുജനങ്ങളെ അന്ധരെന്ന് വിളിക്കാൻ നിങ്ങൾക്ക് എന്ത് ധൈര്യമാണുള്ളതെന്നും, ഈ അധിക്ഷേപത്തിന് രവി കിഷൻ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. നിങ്ങൾ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു എം.പിയാണെന്നും അല്ലാതെ തമാശക്കാരനല്ലെന്നും അവർ രവി കിഷനെ ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതാക്കൾക്ക് പുറമെ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും രവി കിഷനെതിരെ വലിയ ട്രോളുകളും വിമർശനങ്ങളുമാണ് ഉയരുന്നത്.
രവി കിഷന് ഒരു കാര്യം മാത്രമേ അറിയുകയുള്ളൂവെന്നും അത് ആളുകളെ ചിരിപ്പിക്കുക എന്നതാണെന്നും, അതിപ്പോൾ യു.പി മുഖ്യമന്ത്രിയാണെങ്കിൽ പോലും അദ്ദേഹം ചിരിപ്പിക്കുമെന്നായിരുന്നു ഒരാളുടെ പരിഹാസം. യു.പിയിലെ ഗൊരഖ്പൂരിൽ പണിതുവെച്ചിരിക്കുന്ന ആ പാരീസ് നഗരം എവിടെയാണെന്ന് ജനങ്ങൾക്ക് ഒന്ന് കാണിച്ചുതരണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. സർക്കാരിന്റെ വികസനം കാണാത്തവരെ അന്ധരെന്ന് വിളിച്ച എം.പിയോട്, അങ്ങനെയെങ്കിൽ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളും അന്ധരാണോ എന്ന രൂക്ഷമായ ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി നേതാക്കൾ ഇത്തരം അസംബന്ധങ്ങൾ വിളിച്ചുപറയുന്നതെന്നാണ് പൊതുവെയുള്ള വിമർശനം.