04/09/2026
[fontresizer_tawhidurrahmandear_widget]

‘രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ ടിവികെ മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് മന്ത്രിമാർ രാജിവെക്കും’; വിജയ് സർക്കാരിന് മുന്നറിയിപ്പുമായി തമിഴ്‌നാട് മന്ത്രി എസ്.രാജേഷ് കുമാർ

 ‘രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ ടിവികെ മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് മന്ത്രിമാർ രാജിവെക്കും’; വിജയ് സർക്കാരിന് മുന്നറിയിപ്പുമായി തമിഴ്‌നാട് മന്ത്രി എസ്.രാജേഷ് കുമാർ

ചെന്നൈ: 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തമിഴക വെട്രി കഴകം പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പിന്മാറുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ. കോൺഗ്രസ് പാർട്ടിയുടെ കന്യാകുമാരി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജോർജ്ജ് റോബിൻസണിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ടിവികെ സർക്കാരിന് കർശന മുന്നറിയിപ്പ് നൽകിയത്.

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നും അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും മന്ത്രി രാജേഷ് കുമാർ പറഞ്ഞു. ഈ തീരുമാനത്തെ അംഗീകരിക്കാൻ ടിവികെ വിസമ്മതിക്കുകയാണെങ്കിൽ നിലവിൽ മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും സ്ഥാനം രാജിവെച്ച് പുറത്തുപോകും. രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം രാഹുൽ ഗാന്ധിയാണ് പാർട്ടിയുടെ മുഖമെന്നും, അദ്ദേഹത്തെ പ്രധാനമന്ത്രിയായി കാണുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് അടുത്തിടെ കന്യാകുമാരിയിൽ നടന്ന ഒരു പരിപാടിയിൽ ചില ടിവികെ മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. ഇതാണ് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ടിവികെ നേതാക്കളുടെ ഈ പ്രസ്താവന കോൺഗ്രസിനുള്ളിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. ടിവികെ മന്ത്രിമാർ ഇപ്പോഴും ‘ഫാൻ ക്ലബ് മനോഭാവത്തിൽ’ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിക്കം ടാഗോർ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇതിനുപിന്നാലെ 2029-ൽ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തന്നെയായിരിക്കുമെന്ന് കോൺഗ്രസ് നേതാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ പി. വിശ്വനാഥും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2026-ൽ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 234 അംഗ സഭയിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 118 തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 5 എം.എൽ.എമാരുള്ള കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും നിർണായക പിന്തുണയോടെയാണ് സഖ്യസർക്കാർ രൂപീകരിച്ച് വിജയ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. ഈ പിന്തുണയോടെ 1967-ന് ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ തിരിച്ചെത്തുകയും രണ്ട് മന്ത്രിസ്ഥാനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. സർക്കാരിന്റെ നിലനിൽപ്പിന് കോൺഗ്രസിന്റെ പിന്തുണ അനിവാര്യമായിരിക്കെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി മുന്നണിക്കുള്ളിൽ പുതിയ രാഷ്ട്രീയ പോര് ആരംഭിച്ചിരിക്കുന്നത്.

Also read: