04/09/2026
[fontresizer_tawhidurrahmandear_widget]

നീറ്റ്, ജെഇഇ വെബ്സൈറ്റിലെ സുരക്ഷാവീഴ്‌ച കണ്ടെത്തി ദുബൈയിലെ മലയാളി വിദ്യാർഥി; 16-കാരന് ഇനി ഐഐടി കാൺപൂരിൽ ജോലി

 നീറ്റ്, ജെഇഇ വെബ്സൈറ്റിലെ സുരക്ഷാവീഴ്‌ച കണ്ടെത്തി ദുബൈയിലെ മലയാളി വിദ്യാർഥി; 16-കാരന് ഇനി ഐഐടി കാൺപൂരിൽ ജോലി

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ നീറ്റ് പുനഃപരീക്ഷാ പോർട്ടലിലെയും ഐഐടി റോർക്കിയുടെ ജെഇഇ അഡ്വാൻസ്‌ഡ് വെബ്സൈറ്റിലെയും ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി രാജ്യത്തിന്റെ തന്നെ ശ്രദ്ധനേടിയിരിക്കുകയാണ് ദുബൈയിലെ ഒരു മലയാളി വിദ്യാർത്ഥി. ദുബൈയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ റൈലൻ അനിൽ എന്ന 16-കാരനാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.

റൈലന്റെ അസാധാരണമായ സൈബർ മികവ് തിരിച്ചറിഞ്ഞ ഐഐടി കാൺപൂർ, തങ്ങളുടെ സൈബർ സെക്യൂരിറ്റി ഇന്നൊവേഷൻ ഹബ്ബായ ‘C3iHub’-ൽ ഈ കൊച്ചുമിടുക്കന് ജോലി നൽകിയിരിക്കുകയാണ്. ഇതോടെ ഒരു ഐഐടിയിൽ ജോലി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്രനേട്ടവും റൈലൻ തന്റെ പേരിലാക്കി.

കഴിഞ്ഞ ജൂണിലാണ് നീറ്റ്-യു.ജി വെബ്സൈറ്റിലെ സുരക്ഷാ പാളിച്ചകൾ റൈലന്റെ ശ്രദ്ധയിൽപ്പെടുന്നത്. വെബ്സൈറ്റിന്റെ അഡ്‌മിനിസ്ട്രേറ്റർ തലത്തിലുള്ള നിയന്ത്രണങ്ങൾ വരെ എളുപ്പത്തിൽ മറികടക്കാൻ കഴിയുന്ന വമ്പൻ വീഴ്ചയായിരുന്നു അത്. ഇതിനുപുറമെ, ജെഇഇ അഡ്വാൻസ്‌ഡ് പോർട്ടലിലെ ക്ലൗഡ് സ്റ്റോറേജിലുണ്ടായിരുന്ന പിഴവുകൾ കാരണം വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളും റിസൾട്ടുകളും അടക്കമുള്ള സ്വകാര്യ വിവരങ്ങൾ ആർക്കും ചോർത്താവുന്ന അവസ്ഥയിലുമായിരുന്നു. ഈ ഗുരുതരമായ കണ്ടെത്തലുകൾ ദുരുപയോഗം ചെയ്യാതെ, റൈലൻ ഉടൻ തന്നെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയും സൈറ്റുകൾ അടിയന്തരമായി സുരക്ഷിതമാക്കാൻ സഹായിക്കുകയും ചെയ്തു.

റൈലന്റെ ഈ സത്യസന്ധതയും സാങ്കേതിക തികവും വിലയിരുത്തിയ ഐ.ഐ.ടി കാൺപൂർ അധികൃതർ, ഒരു ടെക്നിക്കൽ ഇന്റർവ്യൂവിന് ശേഷം ജൂലൈ ഒന്നിന് തന്നെ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. റൈലന് 18 വയസ്സ് പൂർത്തിയാകാത്തതിനാൽ പിതാവ് അനിൽ അബ്രഹാമാണ് ഔദ്യോഗിക കരാറുകളിൽ ഒപ്പുവെച്ചിരിക്കുന്നത്. സ്കൂൾ പഠനം പൂർത്തിയാക്കേണ്ടതിനാൽ ദുബൈയിൽ ഇരുന്ന് പാർട്ട് ടൈം ആയി വെബ് പോർട്ടലുകളുടെ സെക്യൂരിറ്റി അനാലിസിസ് ചെയ്യാനാണ് റൈലന് നൽകിയിരിക്കുന്ന ചുമതല. സൈബർ സുരക്ഷാ രംഗത്ത് ഉന്നത വിദ്യാഭ്യാസം നേടാനും ഭാവിയിൽ സ്വന്തമായി ഒരു കമ്പനി ആരംഭിക്കാനുമാണ് ഈ യുവപ്രതിഭയുടെ ലക്ഷ്യം.

Also read: