04/09/2026
[fontresizer_tawhidurrahmandear_widget]

8 മണിക്കൂർ നീണ്ട സാഹസിക ദൗത്യം; നേപ്പാളിൽ പ്രളയത്തിൽ തകർന്ന ബാങ്കിൽ നിന്ന് 51 കോടിയുടെ സ്വർണവും പണവും വീണ്ടെടുത്തു

 8 മണിക്കൂർ നീണ്ട സാഹസിക ദൗത്യം; നേപ്പാളിൽ പ്രളയത്തിൽ തകർന്ന ബാങ്കിൽ നിന്ന് 51 കോടിയുടെ സ്വർണവും പണവും വീണ്ടെടുത്തു

കാഠ്മണ്ഡു: അതിതീവ്ര പ്രളയത്തിൽ തകർന്നടിഞ്ഞ ബാങ്ക് ശാഖയിൽ നിന്ന് അതിസാഹസികമായി 51 കോടിയോളം രൂപയുടെ പണവും സ്വർണവും വീണ്ടെടുത്ത് നേപ്പാൾ പോലീസ്. അഗ്രികൾച്ചർ ഡെവലപ്മെന്റ് ബാങ്കിൻ്റെ ത്രിശൂലി ധുങ്കെ ശാഖയിൽ 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാങ്ക് ലോക്കറുകളും സുപ്രധാന രേഖകളും പോലീസ് സുരക്ഷിതമായി മാറ്റിയത്. ഏകദേശം 1.5 കോടി നേപ്പാൾ രൂപയും 50 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തത്.

ഹിമാലയൻ മേഖലയിലുണ്ടായ കനത്ത മഴയെത്തുടർന്ന് പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായതോടെയാണ് ബാങ്ക് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചത്. പ്രകൃതിക്ഷോഭത്തിൽ കെട്ടിടം തകർന്ന സാഹചര്യത്തിൽ ബാങ്കിന്റെ ആസ്തികൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഈ ദൗത്യം ഏറ്റെടുത്തത്. ബാങ്കിന്റെ വിവിധ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, പണം, മറ്റ് സെൻസിറ്റീവ് രേഖകൾ എന്നിവ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പുറത്തെടുക്കുകയും സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം, ത്രിശൂലി നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്തെ നിരവധി ജലവൈദ്യുത പദ്ധതികളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മുൻപ്, പ്രളയബാധിത പ്രദേശത്തെ മറ്റൊരു ബാങ്കിന്റെ ലോക്കർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ സംഭവം വലിയ വാർത്തയായിരുന്നു. ത്രിശൂലി നദിക്കരയിൽ അടിഞ്ഞ ഈ ലോക്കർ തകർത്ത് പണം കവർന്ന കേസിൽ 29 പേരെ പോലീസ് പിടികൂടുകയും അവരിൽ നിന്ന് 92.68 ലക്ഷം നേപ്പാൾ രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് തകർന്ന ബാങ്കുകളിലെ ആസ്തികൾ അടിയന്തരമായി മാറ്റാൻ നേപ്പാൾ പോലീസ് നടപടി കർശനമാക്കിയത്.

Also read: