04/09/2026
[fontresizer_tawhidurrahmandear_widget]

എൽഡിഎഫ് സമരത്തിന് നേരെ പ്രയോഗിച്ചത് മലിനജലമല്ല; അണുബാധയില്ലെന്ന പരിശോധനാ റിപ്പോർട്ട് പുറത്ത്, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി രമേശ് ചെന്നിത്തല

 എൽഡിഎഫ് സമരത്തിന് നേരെ പ്രയോഗിച്ചത് മലിനജലമല്ല; അണുബാധയില്ലെന്ന പരിശോധനാ റിപ്പോർട്ട് പുറത്ത്, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം: തലസ്ഥാനത്ത് എൽഡിഎഫ് നടത്തിയ സമരത്തിന് നേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിൽ മലിനജലമല്ല ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പുറത്ത്. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ അണുബാധയില്ലെന്നും നേരിയ തോതിൽ ഇരുമ്പിന്റെ അംശം മാത്രമാണുള്ളതെന്നും കണ്ടെത്തി.

ജലപീരങ്കിയിൽ മാലിന്യം കലർന്ന വെള്ളമാണ് ഉപയോഗിച്ചതെന്ന് കെ. രാജൻ ആദ്യം ഉന്നയിക്കുകയും പിന്നീട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആവർത്തിക്കുകയും ചെയ്ത ആരോപണങ്ങളാണ് ഈ റിപ്പോർട്ടോടെ പൊളിഞ്ഞിരിക്കുന്നത്. പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.
സമരക്കാർക്ക് നേരെ പ്രയോഗിച്ചത് മലിനജലമല്ലെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷമായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ജലപീരങ്കിയിൽ ഉപയോഗിക്കുന്നതെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യമായി പോലീസിനെ ആക്രമിക്കുകയും അവർക്കെതിരെ ആക്രോഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന് സ്വാഭാവികമായ നടപടികൾ സ്വീകരിക്കേണ്ടി വന്നതെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന അക്രമ സമരങ്ങളെയും ആഭ്യന്തര മന്ത്രി രൂക്ഷമായി വിമർശിച്ചു. നിലവിലെ സർക്കാർ അധികാരത്തിൽ വന്നിട്ട് കേവലം നൂറ് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരമൊരു അക്രമ സമരം നടത്തേണ്ട എന്ത് സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ പത്തുവർഷമായി ഈ സംഘടനകളെയൊന്നും യാതൊരു സമരരംഗത്തും കണ്ടിട്ടില്ലെന്നും വിദ്യാർത്ഥികളുടെ ഏത് അവകാശമാണ് ഇവിടെ ഹനിക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.

സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറച്ചുവെക്കാനും, വരാനിരിക്കുന്ന പാർട്ടി സമ്മേളനത്തിന് മുന്നോടിയായി അധികാരം ഉറപ്പിക്കാനും വേണ്ടി വിദ്യാർത്ഥികളെയും യുവജനങ്ങളെയും കരുവാക്കുകയാണെന്ന് ജനങ്ങൾക്ക് ഇതിനോടകം മനസിലായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡി.ജി.പി ഓഫീസിലേക്കും സർവ്വകലാശാലകളിലേക്കും അനാവശ്യമായി വിദ്യാർത്ഥികളെ ഇളക്കിവിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും, സർക്കാരിന് അല്പം സമയം നൽകാൻ പ്രതിപക്ഷം തയ്യാറാകണമെന്നും പോലീസിനെ ആക്രമിക്കുന്ന നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

Also read: