ഇനി കറന്റ്,ഗ്യാസ് ബില്ലുകൾ അടയ്ക്കാൻ വേറെ ആപ്പ് വേണ്ട! പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
ന്യൂഡൽഹി: ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. ഇനി മുതൽ കറന്റ് ബില്ലും ഗ്യാസ് ബില്ലും ഉൾപ്പെടെയുള്ള ദൈനംദിന ഗാർഹിക ബില്ലുകൾ വാട്സ്ആപ്പിലൂടെ തന്നെ നേരിട്ട് അടയ്ക്കാം. ഇതിനായുള്ള പുതിയ ബിൽ പേയ്‌മെന്റ് ഫീച്ചർ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ സേവനം വരും ആഴ്ചകളിൽ തന്നെ ആൻഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകൾ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനും സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് വാട്സ്ആപ്പ് ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്.
ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റത്തിന്റെ ശൃംഖല വഴിയാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ വൈദ്യുതി, കുടിവെള്ളം, പാചകവാതകം, ഫാസ്ടാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, വിവിധ വായ്പകളുടെ തിരിച്ചടവുകൾ എന്നിങ്ങനെ മുപ്പതോളം വിഭാഗങ്ങളിലായി 22,722-ഓളം സ്ഥാപനങ്ങളുടെ ബില്ലുകൾ വാട്സ്ആപ്പിലൂടെ ഇനി എളുപ്പത്തിൽ അടയ്ക്കാം. വാട്സ്ആപ്പ് തുറക്കുമ്പോൾ ഹോം സ്ക്രീനിന്റെ മുകളിൽ കാണുന്ന രൂപയുടെ (₹) ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ പഴയ ബില്ലുകൾ കാണാനും വരാനിരിക്കുന്ന ബില്ലുകളെക്കുറിച്ച് അറിയാനും, ഒരൊറ്റ അക്കൗണ്ടിൽ തന്നെ ഒന്നിലധികം ബില്ലുകൾ കൈകാര്യം ചെയ്യാനും കഴിയും. യു.പി.ഐ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തുക അടയ്ക്കാനുള്ള സൗകര്യവും ഇതിലൊരുക്കിയിട്ടുണ്ട്.
ഇന്ത്യയിൽ വാട്സ്ആപ്പ് വഴിയുള്ള പണമിടപാടുകൾ കുത്തനെ വർദ്ധിക്കുന്ന സമയത്താണ് ഈ പുതിയ ഫീച്ചറും ജനങ്ങളിലേക്ക് എത്തുന്നത്. കണക്കുകൾ പ്രകാരം 2024 ജൂണിൽ വാട്സ്ആപ്പ് പേ വഴി 3.7 കോടി ഇടപാടുകളാണ് നടന്നിരുന്നതെങ്കിൽ, 2026 ജൂൺ ആയപ്പോഴേക്കും അത് 15 കോടിയായി വർദ്ധിച്ചു. അതായത് വെറും രണ്ട് വർഷം കൊണ്ട് നാലിരട്ടിയിലധികം വർദ്ധനവാണ് ഈ ഡിജിറ്റൽ സംവിധാനത്തിന്റെ ഉപയോഗത്തിൽ ഇന്ത്യയിലുണ്ടായിരിക്കുന്നത്. വാട്സ്ആപ്പിന്റെ ജനപ്രീതിയും ഉപയോഗിക്കാനുള്ള എളുപ്പവുമാണ് കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.