ഹിറ്റ്ലറുടെ ആശയങ്ങൾ പേറുന്ന തീവ്ര വലതുപക്ഷ പാർട്ടിക്ക് ജർമനിയിൽ ചരിത്രവിജയം; അധികാരത്തിലേക്ക് ചുവടുവെച്ച് എഎഫ്ഡി
ബർലിൻ: ജർമ്മനിയിലെ കിഴക്കൻ സംസ്ഥാനമായ സാക്സണി-അൻഹാൾട്ടിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എഎഫ്ഡി) വൻ വിജയം സ്വന്തമാക്കി. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ മത്സരത്തിനിറങ്ങിയ പാർട്ടി കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തി. ആകെയുള്ള 83 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകൾ മാത്രം അകലെ, 39 സീറ്റുകളാണ് എഎഫ്ഡി നേടിയെടുത്തത്.
21 ലക്ഷം ജനസംഖ്യയുള്ള സാക്സണി-അൻഹാൾട്ടിൽ 77.8 ശതമാനം എന്ന റെക്കോർഡ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാതിരുന്ന വലിയൊരു വിഭാഗം ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതാണ് എഎഫ്ഡിയുടെ വൻ മുന്നേറ്റത്തിൽ നിർണായകമായത്. മുൻ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിന്റെ ഇരട്ടിയിലധികം വർദ്ധിപ്പിച്ച പാർട്ടി, പോൾ ചെയ്ത വോട്ടുകളിൽ 43.8 ശതമാനവും സ്വന്തമാക്കി കരുത്ത് തെളിയിച്ചു.
അതേസമയം, ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സി.ഡി.യു) തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ 24 വർഷമായി ഈ സംസ്ഥാനം ഭരിക്കുന്ന സി.ഡി.യുവിന് 17.2 ശതമാനം വോട്ടും 15 സീറ്റുകളും മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇവരുടെ വോട്ട് വിഹിതത്തിൽ പകുതിയോളമാണ് ഇടിവുണ്ടായത്.
മറ്റ് കക്ഷികളായ സോഷ്യൽ ഡെമോക്രാറ്റുകൾ 9.3 ശതമാനവും, ഗ്രീൻ പാർട്ടി 8.9 ശതമാനവും, ലെഫ്റ്റ് പാർട്ടി 8.6 ശതമാനവും വോട്ടുകൾ നേടി എട്ട് സീറ്റുകൾ വീതം സ്വന്തമാക്കി. പുതുതായി രൂപീകരിച്ച ബി.എസ്.ഡബ്ല്യു പാർട്ടി 5.3 ശതമാനം വോട്ടോടെ അഞ്ച് സീറ്റുകൾ നേടി.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നയങ്ങളിലും നിലപാടുകളിലും ഹിറ്റ്ലറെയും നാസി ആശയങ്ങളെയും പിന്തുണയ്ക്കുന്ന തീവ്ര നിലപാടുകാരാണ് എഎഫ്ഡി എന്ന് രാഷ്ട്രീയ നിരീക്ഷകരും വിമർശകരും ചൂണ്ടിക്കാണിക്കുന്നു. തീവ്ര ദേശീയവാദം, കടുത്ത കുടിയേറ്റ വിരുദ്ധത, നാസിസത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന പ്രസ്താവനകൾ എന്നിവ കാരണം എഎഫ്ഡി അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ വിമർശനങ്ങൾ നേരിടുന്ന പാർട്ടിയാണ്.