30/09/2026
[fontresizer_tawhidurrahmandear_widget]

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതിക്ക് പരോൾ അനുവദിച്ച് ​ഗുജറാത്ത് ഹൈക്കോടതി; കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരി​ഗണിച്ചാണ് നടപടി

 ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതിക്ക് പരോൾ അനുവദിച്ച് ​ഗുജറാത്ത് ഹൈക്കോടതി; കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരി​ഗണിച്ചാണ് നടപടി

അഹമ്മദാബാദ്: 2002-ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ-കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളിലൊരാളായ രാധേശ്യാം ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു. കുടുംബം നേരിടുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സഞ്ജീവ് ജെ. താക്കറുടെ ബെഞ്ച് കർശന വ്യവസ്ഥകളോടെ പരോൾ അനുവദിച്ചത്.

ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന വാദങ്ങളും ജയിൽ അധികൃതർ നൽകിയ റിപ്പോർട്ടും പരിശോധിച്ച ശേഷമാണ് പരോൾ അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് ഹാജരാക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ഈ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്നും, പുറത്തിറങ്ങിയ ശേഷമുള്ള മൂന്നാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ഞെരുക്കവും ധനസമാഹരണത്തിനുള്ള ആവശ്യങ്ങളും പരിഗണിച്ചാണ് രാധേശ്യാം ഷാ പരോൾ അപേക്ഷ നൽകിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കെ.ഡി പർമർ കോടതിയെ അറിയിച്ചു. 2025 ഡിസംബറിലാണ് ഇയാൾക്ക് ഇതിന് മുൻപ് അവസാനമായി പരോൾ ലഭിച്ചത്.

2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ നിഷ്കരുണം കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് രാധേശ്യാം ഷാ ഉൾപ്പെടെ 11 പേർക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2022 ആഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ഇവർക്കെല്ലാം ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹരജി പരിഗണിച്ച സുപ്രീം കോടതി, 2024 ജനുവരിയിൽ ഈ ശിക്ഷാ ഇളവ് പൂർണ്ണമായും റദ്ദാക്കുകയും എല്ലാ പ്രതികളോടും തിരികെ ജയിലിൽ കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തു. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും അത് മഹാരാഷ്ട്ര സർക്കാരിന്റെ പരിധിയിലാണ് വരുന്നതെന്നുമുള്ള സുപ്രധാന നിരീക്ഷണത്തോടെയായിരുന്നു സുപ്രീം കോടതി വിധി. കോടതി ഉത്തരവിനെ തുടർന്ന് പ്രതികൾ വീണ്ടും ഗോധ്ര സബ് ജയിലിലേക്ക് മടങ്ങുകയായിരുന്നു.

മുൻപ് പ്രതികളുടെ അകാലമോചനത്തിനായുള്ള നിയമനടപടികളിൽ നിർണായക ഇടപെടൽ നടത്തിയതും രാധേശ്യാം ഷായായിരുന്നു. മോചന ഹർജി പരിഗണിക്കാൻ ഏത് സർക്കാരിനാണ് അധികാരമെന്നും ഏത് നയമാണ് ബാധകമാകുന്നതെന്നും ആരാഞ്ഞ് സുപ്രീം കോടതിയെ സമീപിച്ച ഏക പ്രതി ഇയാളായിരുന്നു. 2004-ൽ അറസ്റ്റിലാകുന്നതിന് മുൻപ് ഗോധ്ര കോടതിയിലും ലിംഖേഡ മജിസ്ട്രേറ്റ് കോടതിയിലും അഭിഭാഷകനായി ഇയാൾ പ്രാക്ടീസ് ചെയ്തിരുന്നു. 2008-ൽ മുംബൈ പ്രത്യേക കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്ന് കുടുംബത്തോടൊപ്പം കഴിയാൻ ഗുജറാത്തിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചതും രാധേശ്യാം ഷായായിരുന്നു. ഇതേത്തുടർന്നാണ് 2009-ൽ മഹാരാഷ്ട്ര സർക്കാർ ഇയാളെ ഗുജറാത്ത് ജയിലിലേക്ക് മാറ്റിയത്.

Also read: