യുഎസ് നീതിന്യായ വകുപ്പിന്റെ സൈബർ ‘ഹാൾ ഓഫ് ഫെയിമിൽ’ നിസർഗ അധികാരി; സിബിഎസ്ഇക്ക് പിന്നാലെ അമേരിക്കൻ പോർട്ടലുകളിലും സുരക്ഷാ പിഴവുകൾ കണ്ടെത്തി 19-കാരൻ
ന്യൂഡൽഹി: സിബിഎസ്.ഇയുടെ ഒ.എസ്.എം പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ 19-കാരൻ നിസർഗ അധികാരിക്ക് മറ്റൊരു പൊൻതൂവൽ കൂടി. യുഎസ് നീതിന്യായ വകുപ്പിന്റെ സൈബർ സുരക്ഷാ ‘ഹാൾ ഓഫ് ഫെയിമിൽ’ നിസർഗ ഇടംനേടി. അമേരിക്കൻ നീതിന്യായ വകുപ്പിന്റെ സുപ്രധാന നിയമ നിർവഹണ സംവിധാനങ്ങളിലൊന്നിൽ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനാണ് ഈ നേട്ടം.
സുരക്ഷാ കാരണങ്ങളാൽ ഏത് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്താനാകില്ലെന്ന് നിസർഗ പറഞ്ഞു. വെബ്സൈറ്റ് പരിശോധിക്കുന്നതിനിടയിൽ സ്വന്തമായി തയ്യാറാക്കിയ ചില കസ്റ്റം സ്ക്രിപ്റ്റുകൾ ഉപയോഗിച്ചാണ് ഈ പിഴവ് കണ്ടെത്തിയത്. വിവരം ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുകയും, നീതിന്യായ വകുപ്പ് അത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സുരക്ഷാ പ്രശ്നം പരിഹരിച്ചതായും നിസർഗ വ്യക്തമാക്കി. ഇതിനുശേഷമാണ് നീതിന്യായ വകുപ്പിന്റെ വൾണറബിലിറ്റി റിപ്പോർട്ട് ചെയ്തവരുടെ പട്ടികയിൽ നിസർഗയുടെ പേര് ഉൾപ്പെടുത്തിയത്. ഈ കണ്ടെത്തലിന് സാമ്പത്തിക പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലെന്നും നിസർഗ കൂട്ടിച്ചേർത്തു.
യു.എസ് നീതിന്യായ വകുപ്പിന് പുറമെ യു.എസ് പ്രതിരോധ വകുപ്പിലും സുരക്ഷാ പിഴവുകൾ കണ്ടെത്തി നിസർഗ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധികൃതർ ഈ പിഴവ് സ്ഥിരീകരിച്ചെങ്കിലും പരിഹാര നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ.
സിബിഎസ്ഇയുടെ മാർക്ക് അപ്ലോഡ് ചെയ്യുന്ന ഔദ്യോഗിക പോർട്ടലായ ഓൺലൈൻ സബ്മിഷൻ ഓഫ് മാർക്സിലെ (ഒ.എസ്.എം) സുരക്ഷാ ലൂപ്പ്ഹോളുകൾ ചൂണ്ടിക്കാണിച്ചതോടെയാണ് എത്തിക്കൽ ഹാക്കറായ നിസർഗ അധികാരി വാർത്തകളിൽ നിറഞ്ഞത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും, അധ്യാപകരുടെ പേര്, റോൾ നമ്പർ, ബാങ്ക് വിവരങ്ങൾ എന്നിവയിൽ വരെ തിരുത്തലുകൾ വരുത്താൻ കഴിയുമെന്നും നിസർഗ അന്ന് തെളിയിച്ചിരുന്നു. ഈ കണ്ടെത്തലിന് പിന്നാലെ ഐ.ഐ.ടി കാൺപൂരിലെ പ്രമുഖ സൈബർ സെക്യൂരിറ്റി ഇന്നവേഷൻ ഹബ്ബായ ‘C3iHub’-ൽ നിസർഗയ്ക്ക് ജോലി ലഭിക്കുകയും ചെയ്തു.