27/09/2026
[fontresizer_tawhidurrahmandear_widget]

‘എഐ ദശലക്ഷങ്ങളുടെ ജീവനെടുത്തേക്കാം, അടിയന്തര നിയന്ത്രണങ്ങൾ അനിവാര്യം’; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

 ‘എഐ ദശലക്ഷങ്ങളുടെ ജീവനെടുത്തേക്കാം, അടിയന്തര നിയന്ത്രണങ്ങൾ അനിവാര്യം’; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ന്യൂയോർക്ക്: നിർമിതബുദ്ധിയുടെ അനിയന്ത്രിതമായ ഉപയോഗം മനുഷ്യരാശിയെ വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിട്ടേക്കാമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. സാങ്കേതികവിദ്യയെ ടെക് കമ്പനികളുടെ കൈകളിൽ മാത്രം സ്വതന്ത്രമായി വിടാതെ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ബിൽ ഗേറ്റ്സ് തന്റെ ആശങ്കകൾ വ്യക്തമാക്കിയത്. കരുത്തുറ്റ എഐ സിസ്റ്റങ്ങളുടെ രൂപകല്പനയിലും പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി ജനപ്രതിനിധികളും നിയമസംവിധാനങ്ങളും അടിയന്തരമായി നിയമനിർമ്മാണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“എ.ഐയുടെ അനിയന്ത്രിതമായ വളർച്ചയിൽ രാഷ്ട്രീയക്കാരും നിയമനിർമ്മാതാക്കളും അടിയന്തരമായി ഇടപെടണമെന്നാണ് ഞാൻ കരുതുന്നത്. എല്ലാത്തിനും എഐയെ ആശ്രയിക്കുന്ന രീതിയിലേക്ക് കമ്പനികൾ ഇതിനോടകം മാറിക്കഴിഞ്ഞു. ഇത് കൂടുതൽ നിയന്ത്രണാതീതമാകുന്നതിന് മുൻപ് നാം ഇടപെടേണ്ടതുണ്ട്,” ബിൽ ഗേറ്റ്സ് വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ അനുനിമിഷം വികസിക്കുകയും കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യുമ്പോൾ, അത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കാൻ വരെ കാരണമായേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐയുടെ നിയന്ത്രണം ദുരുദ്ദേശ്യമുള്ള ആളുകളുടെ കൈകളിൽ എത്തിയാൽ, അതൊരു വലിയ ആയുധമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എഐ ചാറ്റ്ബോട്ടുകൾക്കും സോഫ്റ്റ്‌വെയറുകൾക്കും തെറ്റുകൾ സംഭവിക്കാമെന്നും അവ മനുഷ്യരുടെ ജോലികൾ ഇല്ലാതാക്കാമെന്നും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു. എല്ലാ കാര്യങ്ങൾക്കും എഐയെ മാത്രം ആശ്രയിക്കുന്നത് മനുഷ്യരാശിയെ വലിയ അപകടങ്ങളിൽ കൊണ്ടുചെന്നെത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

നിലവിൽ ഉപയോഗിക്കുന്ന എഐ ചാറ്റ്ബോട്ടുകൾ നേരിട്ട് ആളുകളെ കൊല്ലുമെന്നല്ല, മറിച്ച് സാങ്കേതികവിദ്യ ഏറ്റവും സുരക്ഷിതമാണെന്ന് മനുഷ്യർ കരുതുന്ന സമയത്ത് അത് വരുത്തിവെക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ബിൽ ഗേറ്റ്സ് സംസാരിക്കുന്നതെന്നാണ് ടെക് നിരീക്ഷകരുടെ അഭിപ്രായം. എഐ അനുനിമിഷം വളരുന്നതിനൊപ്പം മനുഷ്യന്റെ സ്വകാര്യത വലിയ ഭീഷണി നേരിടുകയാണെന്ന ചർച്ചകൾ സജീവമായിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

എഐ എന്നത് മനുഷ്യജീവനുകൾ വെച്ചുള്ള ചൂതാട്ടമാണെന്ന് ആരോപിച്ച് ആന്ത്രോപിക് ഗവേഷകൻ ജേക്കബ് കോക്‌ൺ മുൻപ് രാജിവെച്ചത് വലിയ ചർച്ചയായിരുന്നു. എഐയുടെ നിയന്ത്രണം ഭാവിയിൽ മനുഷ്യന് പൂർണ്ണമായും നഷ്ടപ്പെടുമെന്നും, അത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് സമാനമായ ആശങ്കകളുമായി ബിൽ ഗേറ്റ്സും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Also read: