‘ഇല്ലാത്ത പ്രശ്നം ഉണ്ടാക്കാൻ ശ്രമം’; സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും വിലക്ക്; മെലോണിയുടെ നീക്കത്തിനെതിരെ ഇറ്റലിയിൽ പ്രതിഷേധം
മിലാൻ: ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനുള്ള പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ മുസ്ലിം സമൂഹത്തിൽ നിന്ന് കടുത്ത വിമർശനവും പ്രതിഷേധവും ഉയരുന്നു. വളരെ ചെറിയൊരു വിഭാഗം മാത്രം ഉപയോഗിക്കുന്ന വസ്ത്രധാരണ രീതിയെ പർവ്വതീകരിച്ച് വലിയൊരു പൊതുവിഷയമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സ്കൂളുകളിൽ ചില വിദ്യാർത്ഥിനികൾ ശിരോവസ്ത്രം ധരിക്കാറുണ്ടെങ്കിലും തന്റെ ഔദ്യോഗിക ജീവിതത്തിൽ മുഖം പൂർണ്ണമായി മറച്ച് ആരും ക്ലാസിലെത്തിയിട്ടില്ലെന്ന് ഇറ്റലിയിലെ ഹൈസ്കൂൾ അധ്യാപികയായ 58-കാരി മുലൈക ലോറ എൻറിയെല്ലോ വ്യക്തമാക്കി. ഹിജാബ് ധരിക്കുന്ന കുട്ടികളെ ആരും ബുദ്ധിമുട്ടിക്കാറില്ലെന്നും, ബുർഖ ധരിച്ചെത്തിയാൽ പോലും ഒരു കുട്ടിയെ തിരിച്ചയക്കാൻ കഴിയില്ലെന്നും അവർ അൽ ജസീറയോട് പ്രതികരിച്ചു. സമൂഹത്തിൽ വളരെ കുറച്ചുപേർ മാത്രം ധരിക്കുന്ന വസ്ത്രത്തെ കേന്ദ്രീകരിച്ച് ഇസ്ലാമിനെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റായ ധാരണ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് അൽവാഹിദ് മസ്ജിദിലെ ഇമാം യഹ്യ പല്ലാവിച്ചിനി ആരോപിച്ചു.
എന്നാൽ, ലിംഗസമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്നാണ് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വാദം. സ്കൂളുകളിൽ മുഖം വ്യക്തമായി കാണിച്ചു വേണം എത്താനെന്നും, പാരമ്പര്യത്തിന്റെയോ ആചാരത്തിന്റെയോ പേരിൽ മുഖം മറയ്ക്കാൻ പെൺകുട്ടികളെ നിർബന്ധിക്കാൻ ആർക്കും അവകാശമില്ലെന്നും അവർ വ്യക്തമാക്കി. ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് വെറും 500 മുതൽ 600 വരെ പെൺകുട്ടികൾ മാത്രമാണ് ഇത്തരത്തിൽ പൂർണ്ണമായി മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത്.
ബുർഖ, നിഖാബ് എന്നീ വാക്കുകൾ നേരിട്ട് പരാമർശിക്കാതെ, സ്കൂളുകളിൽ മുഖം പൂർണ്ണമായി മറയ്ക്കുന്നതും വ്യക്തികളെ തിരിച്ചറിയാൻ സാധിക്കാത്തതുമായ രീതികൾ വിലക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ തിരിച്ചറിയൽ തടസ്സപ്പെടുത്തുന്ന വസ്ത്രങ്ങൾക്ക് നേരത്തെ തന്നെ ഇറ്റലിയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ന്യായമായ കാരണങ്ങളുണ്ടെങ്കിൽ ഇളവുകൾ അനുവദിച്ചിരുന്നു.
2027-ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ധ്രുവീകരണ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടരുന്ന സർക്കാരെന്ന സിൽവിയോ ബെർലുസ്കോണിയുടെ 1412 ദിവസത്തെ ഭരണ റെക്കോർഡ് അടുത്തിടെയാണ് മെലോണി മറികടന്നത്.