കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ; ഏറ്റെടുത്തത് യുഎഇയിലെ അൽ ഫുർസാൻ ഗ്രൂപ്പ്
അബുദാബി: ഇന്ത്യൻ സൂപ്പർ ലീഗിലെ ജനപ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പൂർണ്ണ ഉടമസ്ഥാവകാശം കൈമാറുന്നു. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് അവരുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നതിനുള്ള അന്തിമ കരാറിൽ ഒപ്പുവെച്ചു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർസാൻ ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ. 2026-27 സീസണിലുടനീളം വിവിധ ഘട്ടങ്ങളായിട്ടാകും ഉടമസ്ഥാവകാശത്തിന്റെ പൂർണ്ണമായ കൈമാറ്റം നടക്കുക. ഈ മാറ്റത്തിന്റെ കാലയളവിലും ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ പങ്കാളികളോടും ആരാധകരോടുമുള്ള പ്രതിബദ്ധതയെയോ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്നും എല്ലാം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുമെന്നും മുൻ ഉടമസ്ഥസംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉടമസ്ഥാവകാശം കൈമാറുന്നതിനൊപ്പം ക്ലബ്ബിന്റെ ആരാധകർക്കായി വികാരനിർഭരമായ ഒരു കത്തും നിലവിലെ ഷെയർഹോൾഡർമാർ പങ്കുവെച്ചിട്ടുണ്ട്. ചെറിയൊരു ആശയത്തിൽ തുടങ്ങി ആരും പ്രതീക്ഷിക്കാത്തത്ര വലിയ പ്രസ്ഥാനമായി മാറിയ ഒന്നാണ് തങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് എന്ന് അവർ കത്തിൽ പറയുന്നു. കേരളത്തിൽ ഒരു ഫുട്ബോൾ ക്ലബ്ബ് വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്ര, സ്വന്തമായി വ്യക്തിത്വവും പാരമ്പര്യവുമുള്ള, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായ ഒന്നായി മാറി. ക്ലബ്ബിന്റെ മികച്ച നേട്ടങ്ങൾക്കും പ്രതിസന്ധികൾക്കും സാക്ഷ്യം വഹിച്ച തങ്ങൾക്ക് ബ്ലാസ്റ്റേഴ്സിനെ വിൽക്കുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല.
എന്നാൽ ഇന്ത്യൻ ഫുട്ബോളിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ശക്തമായ അടിത്തറ പാകിയാണ് തങ്ങൾ പടിയിറങ്ങുന്നതെന്നും വരാനിരിക്കുന്ന പുതിയ മാനേജ്മെന്റിനും ഇതേ കാഴ്ചപ്പാടും ലക്ഷ്യബോധവുമാണുള്ളതെന്നും കത്തിൽ വിശദീകരിക്കുന്നു. ക്ലബ്ബിനായി ബൂട്ടണിഞ്ഞ കളിക്കാർക്കും പരിശീലകർക്കും ജീവനക്കാർക്കും പങ്കാളികൾക്കും എല്ലാറ്റിനുമുപരി തങ്ങളെ നെഞ്ചിലേറ്റിയ ആരാധകർക്കും അവർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഉടമസ്ഥരും ആളുകളും വന്നേക്കാം പോയേക്കാം, എന്നാൽ ഈ ക്ലബ്ബ് ഏതൊരു വ്യക്തിയേക്കാളും വലുതാണെന്നും കേരള ബ്ലാസ്റ്റേഴ്സ് എന്നും നിലനിൽക്കുമെന്നും പറഞ്ഞാണ് ഷെയർഹോൾഡർമാർ കത്ത് അവസാനിപ്പിക്കുന്നത്.