ഐകോണിക്ക് ജേഴ്സിയും നഷ്ടപ്പെട്ട് റൊണാൾഡോ!; ഏഴാം നമ്പർ കുപ്പായത്തിൽ റാഫേൽ ലിയോ ഇറങ്ങും; ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ടതോടെ പോർച്ചുഗലിന് നഷ്ടമായത് അഞ്ച് ലക്ഷം ഫോളോവേഴ്സിനെ
ബെർലിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ അപ്രതീക്ഷിതമായി ദേശീയ ക്യാമ്പ് വിട്ടതിന് പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങൾ. റൊണാൾഡോയുടെ പിന്മാറ്റത്തിന് പിന്നാലെ യുവേഫ നാഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ നിർണായക മത്സരത്തിൽ ഇതിഹാസതാരം അണിഞ്ഞിരുന്ന ഏഴാം നമ്പർ ജേഴ്സിയിൽ മുന്നേറ്റ താരം റാഫേൽ ലിയോ ഇറങ്ങും.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നാഷൻസ് ലീഗ് നിയമപ്രകാരം സ്ക്വാഡിലുള്ള താരങ്ങൾ 1 മുതൽ 23 വരെയുള്ള നമ്പറുകൾ നിർബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. ഇതോടെയാണ് ഗലാറ്റസറെ താരമായ ലിയാവോയ്ക്ക് മാനേജ്മെന്റ് ഏഴാം നമ്പർ ജേഴ്സി നൽകാൻ നിർബന്ധിതരായത്. എസി മിലാനിൽ നിന്ന് തുർക്കിഷ് ക്ലബ്ബിലെത്തിയ ലിയാവോ സാധാരണയായി 17-ാം നമ്പർ ജേഴ്സിയിലാണ് കളിക്കാറുള്ളത്. ലിയാവോയുടെ 17-ാം നമ്പർ പുതിയതായി ടീമിലെത്തിയ ഫാബിയോ സിൽവയ്ക്ക് നൽകി. പരിക്കേറ്റ ഫ്രാൻസിസ്കോ കോൺസെയ്കാവോ ടീമിലില്ലാത്തപ്പോൾ, പരിക്കിൽ നിന്ന് മുക്തനായ ബ്രൂണോ ഫെർണാണ്ടസ് തിരികെ എത്തിയിട്ടുണ്ട്.
റൊണാൾഡോയുടെ പിന്മാറ്റം പോർച്ചുഗലിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ പരിശീലകൻ ജോർജ് ജീസസുമായി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. റൊണാൾഡോ ക്യാമ്പ് വിട്ടത് ടീമിന് വലിയ തിരിച്ചടിയാവുകയും ചെയ്തു. പോർച്ചുഗൽ ദേശീയ ടീമിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് മണിക്കൂറുകൾക്കകം അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സാണ് കൊഴിഞ്ഞുപോയത്.
എന്നാൽ ഇതിന് പിന്നാലെ പോർച്ചുഗീസ് മാധ്യമമായ ‘എ ബോള’ നടത്തിയ സർവേയിൽ കൂടുതൽ പേരും ഈ വിഷയത്തിൽ റൊണാൾഡോയെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. സർവേയിൽ പങ്കെടുത്ത 78.2 ശതമാനം പേർ അൽ നസർ താരമായ റൊണാൾഡോയെ വിമർശിച്ചപ്പോൾ, 13.7 ശതമാനം പേർ പരിശീലകനെയും 8.1 ശതമാനം പേർ ഫെഡറേഷൻ പ്രസിഡൻ്റ് പെഡ്രോ പ്രോൻസയെയുമാണ് പ്രതിക്കൂട്ടിലാക്കിയത്. ക്യാമ്പ് വിടാനുണ്ടായ യഥാർത്ഥ കാരണങ്ങൾ സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്ന് 41 കാരനായ റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാഷൻസ് ലീഗ് ഗ്രൂപ്പ് എ4 ൽ വെയ്ൽസിനെയും നോർവേയെയും പരാജയപ്പെടുത്തി പോർച്ചുഗൽ നിലവിൽ ഒന്നാം സ്ഥാനത്താണ്.