19/10/2026
[fontresizer_tawhidurrahmandear_widget]

അണ്ണനില്ലെങ്കിലും പിള്ളേര് സ്ട്രോങാ! ‘ക്രിസ്റ്റ്യാനോ ടീം വിട്ടത് ബാധിച്ചിട്ടില്ല’; മിന്നും വിജയത്തിന് പിന്നാലെ കോച്ചിന്റെ തന്ത്രങ്ങളെ പുകഴ്ത്തി ഗോൺസാലോ റാമോസ്

 അണ്ണനില്ലെങ്കിലും പിള്ളേര് സ്ട്രോങാ! ‘ക്രിസ്റ്റ്യാനോ ടീം വിട്ടത് ബാധിച്ചിട്ടില്ല’; മിന്നും വിജയത്തിന് പിന്നാലെ കോച്ചിന്റെ തന്ത്രങ്ങളെ പുകഴ്ത്തി ഗോൺസാലോ റാമോസ്

കോപ്പൻഹേഗൻ: പരിശീലകൻ യോർഗെ ജെസ്യൂസുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാമ്പ് വിട്ട സംഭവം കളിക്കളത്തിൽ പോർച്ചുഗലിന്റെ പ്രകടനത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് യുവ സ്ട്രൈക്കർ ഗോൺസാലോ റാമോസ്. യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് (4-2) തകർത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ടീമിന്റെ ലക്ഷ്യം എല്ലായ്‌പ്പോഴും വിജയം മാത്രമാണെന്നും പരിശീലകന്റെ തന്ത്രപരമായ മാറ്റങ്ങളാണ് പോർച്ചുഗലിന്റെ മികച്ച മുന്നേറ്റങ്ങൾക്ക് കാരണമെന്നും റാമോസ് വ്യക്തമാക്കി.

“നിലവിലെ സാഹചര്യം ഞങ്ങളെ ബാധിച്ചിട്ടില്ല. കളത്തിന് പുറത്തുനടക്കുന്ന കാര്യങ്ങളൊന്നും ഈ മത്സരത്തിന്റെ പ്രാധാന്യത്തെ തെല്ലും കുറയ്ക്കുന്നില്ല. ഓരോ മത്സരവും ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഇറങ്ങുന്നത്, ഇന്ന് ഞങ്ങൾ അത് തെളിയിക്കുകയും ചെയ്തു,” റാമോസ് പറഞ്ഞു.

പുതിയ പരിശീലകന്റെ ഇടപെടലുകൾ ടീമിന് പുതിയ ഉണർവ് നൽകിയതായി റാമോസ് കൂട്ടിച്ചേർത്തു. “പുതിയ കോച്ച് ഞങ്ങളെ ഒരുപാട് സഹായിക്കുന്നുണ്ട്. കളിയിൽ കൂടുതൽ വ്യക്തമായ പ്ലാനുകളുണ്ട്. പ്രതിരോധത്തിലായാലും ആക്രമണത്തിലായാലും ഓരോ സഹതാരവും എവിടെ നിലയുറപ്പിക്കണമെന്ന് കൃത്യമായ ധാരണയുണ്ട്. ഇത്തരം ശൈലിയിൽ കളിക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ്, ഇത് എന്റെ കളിരീതിക്ക് ഏറ്റവും അനുയോജ്യവുമാണ്. എതിരാളികളുടെ മിഡ്‌ഫീൽഡിൽ നിന്ന് പന്ത് തിരിച്ചുപിടിക്കുന്നത് ഗോൾ നേടാനും അപകടകരമായ മുന്നേറ്റങ്ങൾ നടത്താനും ഞങ്ങളെ സഹായിക്കുന്നുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

ഡെന്മാർക്കിനെതിരെ ആധികാരിക ജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ജാവോ കാൻസലോ, 25-ാം മിനിറ്റിൽ ഗോൺസാലോ റാമോസ്, 67-ാം മിനിറ്റിൽ വിറ്റീഞ്ഞ്യ, 87-ാം മിനിറ്റിൽ ജാവോ ഫെലിക്സ് എന്നിവർ പോർച്ചുഗലിനായി സ്കോർ ചെയ്തു. ഡെന്മാർക്കിനായി മിക്കേൽ ഡാംസ്ഗാർഡും റാസ്‌മസ് ഹോയ്‌ലണ്ടും ഗോളുകൾ മടക്കി. അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവായി അണിയാറുള്ള ഏഴാം നമ്പർ ജേഴ്സിയിൽ വിങ്ങർ റാഫേൽ ലിയാവോയാണ് പോർച്ചുഗലിനായി കളത്തിലിറങ്ങിയത്.

കഴിഞ്ഞ ദിവസമാണ് പരിശീലകനുമായുള്ള ഭിന്നതയെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ നാടകീയമായി ടീം ക്യാമ്പ് വിട്ടത്. ഡെന്മാർക്കിനെതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ താരത്തിന് ഇടമുണ്ടാകില്ലെന്ന് പരിശീലകൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു റൊണാൾഡോയുടെ ഈ അപ്രതീക്ഷിത പിന്മാറ്റം.

Also read: