ഏഷ്യൻ ഗെയിംസ്; തീരാപ്പക ക്രിക്കറ്റിൽ മാത്രം? കൈ കൊടുക്കാതെ ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങൾ; കെട്ടിപ്പിടിച്ച് ഹോക്കി, വോളിബോൾ ടീമുകൾ
ഐചി-നഗോയ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ താരങ്ങൾ തമ്മിലുള്ള സമീപനങ്ങളിലെ വൈരുദ്ധ്യം കായികലോകത്തും സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയാകുന്നു. ക്രിക്കറ്റ് മത്സരങ്ങളിൽ ഇരുരാജ്യങ്ങളുടെയും പുരുഷ-വനിതാ താരങ്ങൾ പരസ്പരം കൈകൊടുക്കാൻ വിസമ്മതിച്ചപ്പോൾ, ഹോക്കി, വോളിബോൾ, ടേബിൾ ടെന്നിസ്, സ്ക്വാഷ് തുടങ്ങിയ മത്സരങ്ങളിൽ താരങ്ങൾ പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം നൽകിയും മാതൃകാപരമായ സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ചതാണ് ശ്രദ്ധേയമായത്.
ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ ടോസ് വേളയിലും മത്സരശേഷവും പാക് ക്യാപ്റ്റൻ സാഹിബ്സദ ഫർഹാന് കൈകൊടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ തയ്യാറായിരുന്നില്ല. വനിതാ ക്രിക്കറ്റ് ടീമും നേരത്തെ ഇതേ നിലപാടാണ് സ്വീകരിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഏഷ്യാകപ്പിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് പാക് താരങ്ങൾക്ക് ഹസ്തദാനം നൽകേണ്ടെന്ന തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് ടീം തുടങ്ങിയത്. പിന്നീട് വനിതാ ടീമും ഇത് പിന്തുടരുകയായിരുന്നു.
കായികരംഗത്ത് രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മുൻതാരങ്ങളടക്കം ഇതിനെതിരെ മുൻപ് രംഗത്തെത്തുകയും വലിയ വിവാദങ്ങൾക്ക് ഇത് വഴിവെക്കുകയും ചെയ്തിരുന്നു. അതേസമയം, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിനിടെ പാക് താരങ്ങൾ പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. 9 പന്തിൽ നിന്ന് രണ്ട് സിക്സറുകളടക്കം നേടിയ ഇന്ത്യൻ താരം വൈഭവ് റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പുറത്തായപ്പോൾ, തൊട്ടിലിൽ കിടത്തി ആട്ടുന്നതുപോലെ ആംഗ്യം കാണിച്ച് പാക് താരം സയിം അയൂബ് നടത്തിയ പരിഹാസ ആഘോഷം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
എന്നാൽ മറ്റ് മത്സരങ്ങളിൽ കളിക്കളത്തിന് പുറത്തേക്ക് ഈ രാഷ്ട്രീയ അകൽച്ച പടർന്നില്ല. ആവേശം നിറഞ്ഞ പുരുഷ ഹോക്കി മത്സരത്തിൽ പാകിസ്ഥാനെ 4-3 ന് ഇന്ത്യ പരാജയപ്പെടുത്തിയെങ്കിലും, കളിക്കളത്തിലെ വീറും വാശിയും മത്സരസമയത്തേക്ക് മാത്രമായി താരങ്ങൾ ഒതുക്കി. മത്സരം അവസാനിച്ചയുടൻ ഇരുടീമിലെയും താരങ്ങൾ പരസ്പരം കൈകൊടുത്താണ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. പാക് മുഖ്യ പരിശീലകൻ താഹിർ സമാനും ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ നേരിട്ടെത്തി.
വോളിബോളിൽ സൗഹൃദം ഇതിലും ഒരുപടി മുന്നിലായിരുന്നു. 3-0 ത്തിന് ഇന്ത്യയെ തോൽപ്പിച്ചെങ്കിലും പരസ്പരം കെട്ടിപ്പിടിച്ചും സൗഹൃദം പങ്കിട്ടുമാണ് പാക് താരങ്ങൾ മടങ്ങിയത്. ടേബിൾ ടെന്നിസിലും പതിവ് രീതികൾ തെറ്റാതെ എതിരാളികൾക്കും കോച്ചുമാർക്കും ഒഫീഷ്യലുകൾക്കും താരങ്ങൾ ഹസ്തദാനം നൽകി. സ്ക്വാഷിൽ ഇന്ത്യയുടെ അഭയ് സിങ് പാകിസ്ഥാന്റെ മുഹമ്മദ് ഇർഫാന് കൈകൊടുത്ത് സൗഹൃദം പുതുക്കുകയും ചെയ്തു.