‘ആത്മഹത്യാക്കുറിപ്പ് പരിശോധിച്ച് അന്ന് തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നു’; മലേഷ്യൻ എൻജിനീയറുടെ മരണത്തിൽ ഗ്യാനേഷ് കുമാറിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് എം.കെ മുനീർ
തിരുവനന്തപുരം: കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യൻ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അന്ന് തന്നെ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ച് അന്വേഷണം നടത്തേണ്ടിയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ. ആത്മഹത്യാക്കുറിപ്പിൽ ഭാര്യയ്ക്കും മറ്റൊരു വ്യക്തിക്കും അദ്ദേഹം പ്രത്യേക കത്തുകൾ നൽകിയിരുന്നതായും, കേരളത്തിൽ കാര്യങ്ങൾ നടക്കാൻ ചില പ്രത്യേക രീതികൾ പാലിക്കണമെന്ന പരാമർശങ്ങൾ അതിലുണ്ടായിരുന്നതായും അന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നതായി മുനീർ പറഞ്ഞു.
എന്നാൽ പിന്നീട് ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം മുന്നോട്ടുപോകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും, അന്നത്തെ സർക്കാരാണ് ഇക്കാര്യം പരിശോധിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ കേരളത്തിൽ നിന്ന് മാറ്റുകയും അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോവുകയും ചെയ്ത സാഹചര്യത്തിൽ ആത്മഹത്യാക്കുറിപ്പും മരണകാരണങ്ങളും വിശദമായി പരിശോധിക്കേണ്ടതായിരുന്നുവെന്നും മുനീർ ചൂണ്ടിക്കാട്ടി.
നിലവിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ തലപ്പത്തുള്ള വ്യക്തിയെന്ന നിലയിൽ ഗ്യാനേഷ് കുമാർ വീണ്ടും പൊതുചർച്ചകളിൽ നിറയുമ്പോഴാണ് പഴയ സംഭവങ്ങളും സജീവമായി ചർച്ച ചെയ്യപ്പെടുന്നതെന്ന് മുനീർ പറഞ്ഞു. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കണം. വിജിലൻസും പൊലീസും അന്വേഷിച്ച് യാഥാർത്ഥ്യങ്ങൾ കണ്ടെത്തട്ടെയെന്നും, അന്വേഷണം നടക്കുമ്പോൾ തന്നോട് വിവരങ്ങൾ ചോദിച്ചാൽ കൃത്യമായ മറുപടി നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുമായി സഹകരിക്കുമെന്നും സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ വസ്തുതകൾ പുറത്തുവരട്ടെയെന്നും മുനീർ വ്യക്തമാക്കി.
അതേസമയം, മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട് വിവരങ്ങൾ നൽകാനാകില്ലെന്ന് മുനീർ വിശദീകരിച്ചു. 2005-06 കാലഘട്ടത്തിൽ നടന്ന ഈ സംഭവസമയത്ത് താൻ ഭരണത്തിൻ്റെ ഭാഗമായിരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മലേഷ്യൻ കമ്പനിയുടെ ഉദ്യോഗസ്ഥനെ നേരിട്ട് കണ്ടിട്ടില്ലെന്നും, കമ്പനികളുമായുള്ള ഇടപാടുകളിൽ തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് അന്വേഷണങ്ങളിൽ കൃത്യമായ തെളിവുകൾ ലഭിച്ചില്ലെന്ന നിലപാടുകൾ ഉണ്ടായിരുന്നുവെങ്കിലും, ആത്മഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം അനിവാര്യമായിരുന്നുവെന്നാണ് തൻ്റെ അഭിപ്രായം. അന്ന് തന്നെ ലക്ഷ്യമിട്ടുണ്ടായ നടപടികൾ തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും, ആത്മഹത്യ നടന്നതിന് ശേഷമുള്ള നടപടികളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും എം.കെ മുനീർ വ്യക്തമാക്കി.