04/10/2026
[fontresizer_tawhidurrahmandear_widget]

’60 കോടി മുടക്കി തോൽക്കാൻ നാണമില്ലേ?’; ബ്രസീലിനെതിരായ സൗഹൃദ മത്സരത്തെ സർക്കസെന്ന് വിളിച്ച് ബൈചുങ് ബൂട്ടിയ

 ’60 കോടി മുടക്കി തോൽക്കാൻ നാണമില്ലേ?’; ബ്രസീലിനെതിരായ സൗഹൃദ മത്സരത്തെ സർക്കസെന്ന് വിളിച്ച് ബൈചുങ് ബൂട്ടിയ

കൊൽക്കത്ത: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ ഫുട്ബോൾ മത്സരം വെറുമൊരു ‘സർക്കസ്’ മാത്രമാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ ഫുട്ബോളിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കോടികൾ മുടക്കി ഇത്തരമൊരു മത്സരം സംഘടിപ്പിച്ച ഫെഡറേഷന്റെ നടപടിയെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു.

ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള ബ്രസീലിനെതിരെ 138-ാം സ്ഥാനത്തുള്ള ഇന്ത്യ ഇറങ്ങുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബൂട്ടിയ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കളിക്കാരുടെയോ ആരാധകരുടെയോ കാഴ്ചപ്പാടിൽ ബ്രസീലിനെതിരെ കളിക്കുക എന്നത് വലിയ സ്വപ്നമാണെങ്കിലും, ഫെഡറേഷന്റെ യഥാർത്ഥ ലക്ഷ്യം രാജ്യത്ത് ഫുട്ബോൾ വളർത്തുക എന്നതായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ബ്രസീലിനെതിരായ ഈ ഒറ്റ മത്സരത്തിനായി ഫെഡറേഷൻ 50 മുതൽ 60 കോടി രൂപ വരെയാണ് ചെലവാക്കിയതെന്നാണ് വിവരം. കഴിഞ്ഞ ബജറ്റിൽ 14-16 കോടി രൂപ മാത്രം വരുമാനമുണ്ടായ ഒരു ഫെഡറേഷനാണിത്. സ്പോൺസർമാരെ ലഭിക്കാതെ ഐ-ലീഗിലെയും ഐ.എസ്.എല്ലിലെയും ക്ലബ്ബുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുമ്പോഴാണ് ഫെഡറേഷൻ ഇത്തരത്തിൽ ധൂർത്ത് നടത്തുന്നതെന്ന് ബൂട്ടിയ കുറ്റപ്പെടുത്തി.

ഇന്ത്യൻ ടീമിന് കൂടുതൽ ഗുണകരമാകുമായിരുന്ന ആസിയാൻ കപ്പ് ടൂർണമെന്റിൽ നിന്ന് പിന്മാറിയാണ് ബ്രസീൽ മത്സരത്തിന് ഫെഡറേഷൻ മുൻഗണന നൽകിയതെന്നും അദ്ദേഹം വിമർശിച്ചു. റാങ്കിംഗിൽ ഒപ്പമുള്ള ടീമുകൾക്കെതിരെ കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും കളിക്കാൻ ആസിയാൻ കപ്പിലൂടെ ഇന്ത്യയ്ക്ക് അവസരം ലഭിക്കുമായിരുന്നു. ജപ്പാൻ ചെയ്തതുപോലെ ബ്രസീലിയൻ കോച്ചുകളെയും വിദഗ്ദ്ധരെയും കൊണ്ടുവന്ന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് ബൂട്ടിയ വ്യക്തമാക്കി. ഫുട്ബോളിനെക്കുറിച്ച് യാതൊരു അടിസ്ഥാന വിവരവുമില്ലാത്ത ഒരു പ്രസിഡന്റാണ് നിലവിൽ ഫെഡറേഷനെ നയിക്കുന്നതെന്നും, ഇന്ത്യയുടെ റാങ്കിംഗ് 100-ൽ നിന്ന് 140-ലേക്ക് കൂപ്പുകുത്തിയത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Also read: