04/10/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയിൽ പഴയതുപോലെ സമാധാനം അനുഭവിക്കാൻ കഴിയുന്നില്ല, നല്ല നാളുകൾ തിരികെ വരണം’; ശേഖർ സുമൻ്റെ ഷോയിൽ മനസ് തുറന്ന് സഞ്ജയ് ദത്ത്

 ‘ഇന്ത്യയിൽ പഴയതുപോലെ സമാധാനം അനുഭവിക്കാൻ കഴിയുന്നില്ല, നല്ല നാളുകൾ തിരികെ വരണം’; ശേഖർ സുമൻ്റെ ഷോയിൽ മനസ് തുറന്ന് സഞ്ജയ് ദത്ത്

മുംബൈ: ശേഖർ സുമൻ അവതരിപ്പിക്കുന്ന ‘ശേഖർ ടോണൈറ്റ്’ എന്ന ടെലിവിഷൻ ഷോയിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധേയമാകുന്നു. ഗാന്ധി ജയന്തി സ്‌പെഷ്യൽ എപ്പിസോഡിൽ തന്റെ ജനപ്രിയ കഥാപാത്രമായ ‘മുന്നാഭായി’യുടെ ഗെറ്റപ്പിലെത്തിയ താരം രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും തുറന്നടിച്ചു. ഇന്ത്യയിൽ ഇപ്പോൾ പഴയതുപോലെ സമാധാനം അനുഭവിക്കാൻ കഴിയുന്നില്ലെന്നും, രാജ്യത്തെ ജനങ്ങളുടെ വിശാലമനസ്കതയും സ്നേഹവും സമാധാനവും നിറഞ്ഞ ആ പഴയ കാലം തിരികെ വരണമെന്ന് താൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

താൻ അഞ്ച് മിനിറ്റ നേരത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം പരിപാടിയിൽ രസകരമായി വിവരിച്ചു. പ്രധാനമന്ത്രിയായാൽ ആ സന്തോഷം ആഘോഷിക്കാൻ താൻ വിദേശ രാജ്യങ്ങളിലേക്ക് പറക്കില്ലെന്നും, പകരം ജനങ്ങൾക്കൊപ്പം ഇവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേർത്തു.

ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരുടെ ആശയത്തെ ഇന്നത്തെ കാലത്തിന് അനുസരിച്ച് തിരുത്താനും അദ്ദേഹം മറന്നില്ല. തിന്മ കാണുകയോ കേൾക്കുകയോ പറയുകയോ ചെയ്യരുതെന്ന സന്ദേശത്തോടൊപ്പം, തെറ്റ് കാണുമ്പോൾ അത് ചോദ്യം ചെയ്യാൻ ഒരു ‘നാലാമത്തെ കുരങ്ങൻ’ കൂടി ഇന്ന് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരും കണ്ണും കാതും വായും മൂടിക്കെട്ടിയാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, സർക്കാർ പരിപാടികളിലും പൊതുസ്ഥലങ്ങളിലും പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ അനാവശ്യമായി പ്രദർശിപ്പിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഇതിന് പകരം രാജ്യത്തിന്റെ ചിത്രമോ ഗാന്ധിജിയുടെ സന്ദേശങ്ങളോ ആണ് നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും സഞ്ജയ് ദത്ത് തന്റെ നർമ്മരൂപത്തിലുള്ള വിമർശനങ്ങൾക്ക് ഇരയാക്കി. ലോകത്ത് സമാധാനം കൊണ്ടുവരേണ്ടത് മിസൈലുകളിലൂടെയും ഭീഷണികളിലൂടെയുമല്ല, മറിച്ച് സ്നേഹത്തിലൂടെയും ‘ഗാന്ധിഗിരി’യിലൂടെയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആർക്കെങ്കിലും നേരെ മിസൈൽ അയക്കാൻ തോന്നുമ്പോൾ ആദ്യം ഒരു പൂവ് നൽകണമെന്നും, ശത്രുക്കളെ വീട്ടിലേക്ക് ക്ഷണിച്ച് ചായ നൽകി പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമുള്ള മുന്നാഭായിയുടെ സന്ദേശം പങ്കുവെച്ചാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Also read: